വീണ്ടും മോദിയെ വെട്ടിലാക്കി നിതീഷ് കുമാർ; ഇസ്രയേലിന് ആയുധങ്ങൾ നൽകരുതെന്ന പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച് ജെഡിയു
ന്യൂഡൽഹി: ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി ഒപ്പുവച്ചു. ത്യാഗിക്ക് പുറമെ എസ്പി ലോക്‌സഭാ എംപി മൊഹിബുള്ള നദ്‌വി, ജാവേദ് അലിഖാൻ എംപി (സമാജ്‌വാദി പാർട്ടി), സഞ്ജയ് സിങ് എംപി, പങ്കജ് പുഷ്കർ എംഎൽഎ (ആം ആദ്മി പാർട്ടി), മീം അഫ്സൽ (കോൺഗ്രസ്), മുൻ എംപിയും രാഷ്ട്രവാദി സമാജ് പാർട്ടിയുടെ മുൻ പ്രസിഡൻ്റുമായ മുഹമ്മദ് അദീബ്, മുൻ ലോക്‌സഭാ എംപി കുൻവർ ഡാനിഷ് അലി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച മറ്റു നേതാക്കൾ.
.
‘നടന്നുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ആക്രമണത്തെയും പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന ഹീനമായ വംശഹത്യയെയും അപലപിക്കുന്നു. ഇന്ത്യയ്ക്ക് ഇതിൽ പങ്കാളിയാകാൻ കഴിയില്ല. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തിൽ എല്ലായ്പ്പോഴും പോരാടുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ, ഈ വംശഹത്യയിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയില്ല. പ്രസ്താവനയിൽ പറയുന്നു.
.
ത്യാഗിയും പ്രതിപക്ഷ നേതാക്കളും ഞായറാഴ്ച ഡൽഹിയിൽ ലീഗ് ഓഫ് പാർലമെൻ്റേറിയൻസ് ഫോർ അൽ ഖുദ്‌സിൻ്റെ സെക്രട്ടറി ജനറൽ മുഹമ്മദ് മക്രം ബലാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയുടെ ആദ്യനാളുകൾ മുതൽ ജനതാദൾ (യുണൈറ്റഡ്) ഫലസ്തീൻ വിഷയത്തെ പിന്തുണച്ചിരുന്നുവെന്ന് ത്യാഗി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
.
എൻഡിഎ സഖ്യകക്ഷിയാണെങ്കിലും സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് ജെഡിയു നൽകുന്നത്. വഖഫ് നിയമ ഭേദഗതി വിഷയത്തിലും ജെഡിയു നേരത്തെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ വഖഫ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായിട്ടായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു രംഗത്തെത്തിയിരുന്നത്.
.