പരാതിയില്ലെങ്കിലും അന്വേഷിക്കും; സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അംഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.
.
മലയാള സിനിമാമേഖലയെ പിടിച്ചുലച്ചു ലൈംഗിക ആരോപണങ്ങൾ തുടരുന്നതിനിടെയാണു നടപടി. വിമർശനം കടുത്തതോടെയാണു സർക്കാർ നീക്കം. പരാതി ലഭിക്കാതെ അന്വേഷണമില്ല എന്നായിരുന്നു മുൻ നിലപാട്. ഇതു തിരുത്തിയാണു അന്വേഷണത്തിനു തയാറാകുന്നത്.
.
ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണു സർക്കാർ രൂപീകരിച്ചത്. ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിനു മേൽനോട്ടം വഹിക്കും.
.
.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്, ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദീഖ് എന്നിവർ ആരോപണങ്ങളെ തുടർന്ന് പദവി രാജിവച്ചിരുന്നു. ഇരുവർക്കുമെതിരായ ആരോപണങ്ങളാണു തുടക്കത്തിൽ അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും അന്വേഷണപരിധിയിൽ വരും. ‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം രഞ്ജിത് അപമര്യാദയായി പെരുമാറിയെന്നാണു ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചത്. പീഡനം ഉണ്ടായിട്ടില്ലെന്നും ശരീരത്തിൽ സ്പർശിച്ചു എന്നുമാണ് ആരോപണം. തന്നെ സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചെന്നാണു രേവതി സമ്പത്ത് ആരോപിച്ചത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.