സിദ്ദീഖിനെതിരെ കുരുക്ക് മുറുകുന്നു: നിയമനടപടികൾക്കായി വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിച്ചേക്കും

തിരുവനന്തപുരം: നടന്‍ സിദ്ദീഖിനെതിരെ യുവനടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തില്‍ നിയമനടപടി ആലോചിച്ച് പൊലീസ്. മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചുവരുത്തി സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് രേവതി ആരോപിച്ചത്. മ്യൂസിയം പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണു മാസ്‌കറ്റ് ഹോട്ടല്‍. ഇവിടെവച്ച് ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍, പരാതിക്കാരിയെ വിളിച്ചു മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണോ പരാതി ലഭിക്കുന്നതു വരെ കാത്തിരിക്കണോ എന്ന കാര്യത്തില്‍ ആലോചന നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.
.
വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അതു പൊലീസിന്റെ പ്രതിഛായയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിക്കുമെന്നാണു സൂചന. മുന്‍പ് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രേവതി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടതു പൂര്‍ണമായ ലൈംഗികബന്ധം നടന്നോ എന്നാണെന്നും തനിക്കുണ്ടായ ദുരനുഭവം ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ ഉള്‍പ്പെടെ തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. പരാതിയുമായി മുന്നോട്ടുപോകാനുള്ള അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ മാത്രമേ നടപടികളുമായി മുന്നോട്ടു പോകൂവെന്നും അവര്‍ പറഞ്ഞു.
.
നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചു. വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
.
രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവച്ചിരുന്നു. തന്നെ സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം രേവതി സമ്പത്ത് കഴിഞ്ഞ ദിവസമാണ് ആവര്‍ത്തിച്ചത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു. 2019ല്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
.

Share
error: Content is protected !!