കാത്തിരുന്ന ആശ്വാസ വാർത്ത! കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി
കഴക്കൂട്ടം (തിരുവനന്തപുരം): വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.
.
കുട്ടിക്ക് മലയാളി അസോസ്സിയേഷൻ പ്രവർത്തകർ ആവശ്യമായ ഭക്ഷണം വാങ്ങി കൊടുത്തു. ശേഷം മാതാപിതാക്കളുമായി വീഡിയോ കാളിൽ സംസാരിച്ചു. കുട്ടി പൂർണ ആരോഗ്യവതിയാണ്. ട്രൈനിൽ വെച്ചാണ് കുട്ടിയെ മലയാളികൾക്ക് കിട്ടിയത്.
.
വീട്ടിൽനിന്നു വഴക്കിട്ട് വിഷമിച്ച് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്കു പോകാനാണു ലക്ഷ്യമിട്ടതെന്നും കുട്ടി പറഞ്ഞു. അസം സ്വദേശികളായ ആൺകുട്ടികൾക്ക് മുകളിലായി ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.
.
മലയാളികൾ സംഘം ചേർന്ന് വളരെ ആസൂത്രിതമായി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തങ്ങളോട് മലയാളി സമൂഹം കാണിച്ച സ്നേഹത്തിനും ചേർത്ത് പിടിക്കലിനും കുട്ടിയുടെ മാതാപിതാക്കൾ മുഴുവൻ മലയാളി സമൂഹത്തിനും നന്ദി അറിയിച്ചു.
.
നേരത്തേ കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി കുട്ടി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കണ്ടെത്താനായിരുന്നില്ല. ഗുവാഹത്തി ട്രെയിനില്‍ കുട്ടി കയറിയതായി സംശയമുണ്ടായിരുന്നു.
.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളാണ് തസ്മീക് തംസം. ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
.
കുട്ടി കന്യാകുമാരിയിലേക്ക് പോയതായും കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതിനു പിന്നാലെ പോലീസ് കന്യാകുമാരിയിലും പരിശോധന നടത്തിയിരുന്നു. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു.
.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്.