സ്കൂളിൽ വ്യാജ NCC ക്യാംപ്, വിദ്യാർഥിനികളെ പീഡിപ്പിച്ച് ട്രെയിനിങ് ഇൻസ്ട്രക്ടർ; കൂട്ടുനിന്ന് പ്രിൻസിപ്പലും
ചെന്നൈ: കൃഷ്ണഗിരിയിലെ എൻസിസി ക്യാംപിൽ വച്ച് പീഡനത്തിനിരയായെന്ന ആരോപണവുമായി കൂടുതൽ വിദ്യാർഥിനികൾ രംഗത്ത്. കഴിഞ്ഞ ദിവസം പരാതി നൽകിയ വിദ്യാർഥിനിക്ക് പുറമെ, 13 പെൺകുട്ടികൾ കൂടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ ക്യാംപ് സംഘടിപ്പിച്ച സംഘാടകനും സ്കൂൾ പ്രിൻസിപ്പലുമടക്കം 11 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
.
അതേസമയം ക്യാംപ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് നാഷണൽ കേഡറ്റ് കോർപ്‌സുമായി (എൻസിസി) അധികൃതർ പ്രസ്താവനയിറക്കി. കൃഷ്ണഗിരി ജില്ലയിലെ ബർഗൂരിലെ സ്കൂൾ, എൻസിസിയിൽ റജിസ്ടർ ചെയ്തിട്ടില്ലെന്നും അവിടെ എൻസിസിക്ക് യൂണിറ്റില്ലെന്നുമാണ് അധികൃതർ പറയുന്നത്. ക്യാംപ് നടത്തിയത് എൻസിസിയുമായി ബന്ധമുള്ളവരല്ലെന്നും അധികൃതർ വ്യക്തമാക്കി. എൻസിസിയുടെ മറവിൽ വ്യാജ ട്രെയിനർമാരാണ് ക്യാംപ് സംഘടിപ്പിച്ചതെന്നും എൻസിസി ആരോപിച്ചു. അറസ്റ്റിലായ ഒരാൾക്കു പോലും എൻസിസിയുമായി ബന്ധമില്ലെന്നും അധികൃതർ പറയുന്നു.
.
ഈ മാസം ആദ്യത്തോടെയാണ് എൻസിസി ക്യാംപ് എന്ന വ്യാജേന ത്രിദിന ക്യാംപ് സംഘടിപ്പിച്ചത്. ഇതിൽ 17 പെൺകുട്ടികൾ ഉൾപ്പെടെ 41 വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ക്യാംപിൽ പങ്കെടുത്ത വിദ്യാർഥിനികളെ പാർപ്പിച്ച ഓഡിറ്റോറിയത്തിൽ വച്ച് ട്രെയിനിങ് ഇൻസ്ട്രക്ടർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടികൾ നൽകിയിരിക്കുന്ന മൊഴി. ക്യാംപിന് മേൽനോട്ടം വഹിക്കാൻ അധ്യാപകർ ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടികൾ പറയുന്നു.
.
പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ ജില്ലാ ശിശുക്ഷേമ സമിതി ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കെതിരെ ക്യാപിൽ വച്ച് നടന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് സ്കൂൾ അധികൃതർക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിനെയോ ശിശുക്ഷേമ സമിതിയെയോ അറിയിക്കുന്നതിന് പകരം വിഷയം അടിച്ചമർത്താനാണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്നും ജില്ലാ പോലീസ് സൂപ്രണ്ട് പി തങ്കദുരൈ പറഞ്ഞു.
.
എൻസിസിയുടെ മറവിൽ വ്യാജ ക്യാംപുകൾ നടത്തുന്ന റാക്കറ്റാണോ സംഭവത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് സ്‌കൂളുകളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. അത്തരത്തിൽ നടത്തിയിട്ടുണ്ടെങ്കിൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത. പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കൃഷ്ണഗിരി പൊലീസ് കേസെടുത്തിരിക്കുന്നത്.
.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ക്യാംപിൽ പങ്കെടുത്ത പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. വൈകാതെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് നാം തമിഴർ കക്ഷിയുടെ യുവജന വിഭാഗം കൃഷ്ണഗിരി ഈസ്റ്റ് മേഖലാ സെക്രട്ടറിയും ക്യാംപിലെ ട്രെയിനിങ് ഇൻസ്ട്രക്ടറുമായ ശിവരാമൻ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാള്‍ നിലവിൽ റിമാൻഡിലാണ്.
.