നഗ്നത പകർത്താൻ നിർബന്ധിക്കുന്നു; വ്യാപക ലൈംഗിക ചൂഷണം, വില്ലന്മാർ പ്രമുഖർ
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. നഗ്നത പകർത്താൻ നിർബന്ധിക്കുന്നെന്ന് നടിയുടെ മൊഴി. കരാർ ലംഘിച്ചാണ് ഇത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ തയാറാകുന്നവർ സിനിമയ്ക്ക് പുറത്തും അതിനു തയാറാകുമെന്നാണ് സിനിമയിലെ ഭൂരിപക്ഷം പുരുഷന്മാരും കരുതുന്നതെന്ന് നടിമാർ പറയുന്നു. അതിനാൽ പലരും പരസ്യമായി തന്നെ ലൈംഗിക ആവശ്യങ്ങൾക്ക് നിർബന്ധിക്കാറുണ്ട്. സിനിമയിലെത്തുന്ന പുതുമുഖങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരത്തിൽ ചൂഷണം ചെയ്യാറുണ്ടെന്നും നടിമാരുടെ മൊഴിയിൽ പറയുന്നു.
.
സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളിൽനിന്നുപോലും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്ന് പല വനിതകളും മൊഴി നൽകിയതായി ഹേമ കമ്മിഷൻ റിപ്പോർട്ട്. ഡബ്ല്യുസിസി രൂപീകരിച്ചശേഷമാണ് നടിമാർ ദുരനുഭവങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുപോകില്ലെന്ന് സംഘടന ഉറപ്പു നൽകിയതോടെ പലരും തുറന്നു സംസാരിച്ചു.
.
സിനിമയിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവർ ചില വിഡിയോ ക്ലിപ്പുകളും ഓഡിയോക്ലിപ്പുകളും വാട്ട്സാപ്പ് സന്ദേശങ്ങളും ഹേമ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു, ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തില്ലെങ്കിൽ സിനിമയിൽ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും പലരും വെളിപ്പെടുത്തി.
.
പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. മിനിമം വേതനം പോലും സിനിമയിൽ ഉറപ്പാക്കുന്നില്ല. പക്ഷേ പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കേണ്ട നിസഹായവസ്ഥയിലാണ്. കുടുംബാംഗങ്ങള്‍ പോലും ആക്രമത്തിന് ഇരയാവുമെന്ന് ഭയപ്പെടുന്നു. എന്നാൽ ഇത്തരക്കാർ ന്യൂനപക്ഷമാണെന്നാണ് ഹേമ കമ്മിറ്റിക്കു മുൻപിൽ മൊഴി നൽകിയ സിനിമാപ്രവർത്തകരായ ചില പുരുഷന്മാരുടെ അഭിപ്രായം.
.
ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ 233 പേജുകൾ വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തുവിട്ടിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെയാണു വിവരങ്ങൾ പുറത്തുവിട്ടത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ജൂലൈ 5നു നൽകിയ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണു നടപടി.
.
ജൂലൈ 25നു മുൻപ് റിപ്പോർട്ട് പുറത്തുവിടാനാണ് കമ്മിഷൻ നിർദേശിച്ചതെങ്കിലും ഹൈക്കോടതിയിൽ വന്ന ഹർജികളെ തുടർന്നു നടപടികൾ നീണ്ടുപോയി. റിപ്പോർട്ട് ലഭിക്കാൻ കമ്മിഷന് അപ്പീലും പരാതിയും നൽകിയവരുമായ 5 പേർക്കും കൂടാതെ പിന്നീട് അപ്പീൽ നൽകിയവരായ 12 പേർക്കുമാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരുന്നത്. മുൻപു സാംസ്കാരിക വകുപ്പിൽ അപ്പീൽ നൽകിയിട്ടും റിപ്പോർട്ട് ലഭിക്കാത്തവരാണ് കമ്മിഷന് മുൻപിൽ പരാതി നൽകിയത്.
.
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി.
.
എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു.
.
ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശന അണുബാധ അടക്കമുള്ള രോഗങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷൻ യൂണിറ്റിൽ ഉള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കാറില്ല.
.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.
.
സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻമാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.
.
ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കൃത്യമായ വേതനം നൽകാതെ പറ്റിക്കുന്നു. കരാറിൽ പറയുന്നതും യഥാർഥത്തിൽ നൽകുന്ന തുകയും തമ്മിൽ വലിയ അന്തരമെന്നും മൊഴി.
.