കാതലിലെ മമ്മൂട്ടിയെ മറികടന്ന് പൃഥ്വിരാജ് അവാര്‍ഡ് നേടിയതെങ്ങനെ?, സംസ്ഥാന ജൂറിയുടെ നിരീക്ഷണങ്ങള്‍

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പൃഥ്വിരാജിന്. ആടുജീവിതത്തിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്. പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധത്തിലാണ് പൃഥ്വിരാജിനെ അവാര്‍ഡുകള്‍ തേടിയെത്തിയത്. കാതലിലൂടെ മമ്മൂട്ടി കടുത്ത മത്സരമുയര്‍ത്തിയെങ്കിലും ഒടുവില്‍ പുരസ്‍കാരം നടൻ പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.
.
ആടുജീവിതത്തിന്റെ പ്രഖ്യാപനം തൊട്ടേ ആ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയും നടൻ പൃഥ്വിരാജിന് അവാര്‍ഡുകള്‍ ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്‍തിരുന്നു. ബെന്യാമിന്റെ നോവല്‍ ആടുജീവിതം ബ്ലസ്സി സിനിമയാക്കുന്നു എന്നതായിരുന്നു കാരണം. നജീബാകാൻ പൃഥ്വിരാജ് നടത്തിയ സമര്‍പ്പണവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതോടെ അന്നേ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ശരീരഭാരം കുറച്ച നടൻ പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തായതപ്പോഴേ ആടുജീവിതം പ്രതീക്ഷ ഉയര്‍ത്തി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനിലും കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി പൃഥ്വിരാജ് ബ്ലസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം.
.


.

സ്വാഭാവികമായ പ്രകടനമായിരുന്നു പൃഥ്വിരാജ് ആടുജീവിതം സിനിമയില്‍ നടത്തിയത് എന്ന് അഭിപ്രായങ്ങള്‍ ഉണ്ടായി. ജൂറിയും ആ അഭിപ്രായങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽ പ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തൻമയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് അവാര്‍ഡ് എന്നാണ് ജൂറിയും അഭിപ്രായപ്പെട്ടിരിക്കുന്നത്. 1,00,000  രൂപയും ശില്‍പവും പ്രശസ്‍തിപത്രവുമാണ് അവാര്‍ഡായി പൃഥ്വിരാജിന് ലഭിക്കുക.
.

.
പൃഥ്വിരാജിന് മികച്ച നടനുള്ള മൂന്നാമത്തെ അവാര്‍ഡാണ് ലഭിച്ചിരിക്കുന്നതും ഒരു പ്രത്യേകതയാണ്. 2006ല്‍ വാസ്‍തവത്തിലൂടെയാണ് പൃഥ്വിരാജ് ആദ്യമായി മികച്ച നടനാകുന്നത്. അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് സിനിമകളിലൂടെ 2012ലും പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ന് പൃഥ്വിരാജ് മലയാളത്തിന്റെ വിജയ താരങ്ങളില്‍ മുന്നിലെത്തിയിരിക്കുന്നു എന്നത് അഭിമാനിക്കാനാകുന്ന നേട്ടമാണ്.
.

.

അതേ സമയം ഒരുപാട് പുരസ്കാരങ്ങൾ ആടുജീവിതത്തിനെ തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. തൻ്റെ നേട്ടത്തെക്കാൾ സന്തോഷം ബ്ലെസിയുടെ അധ്വാനത്തിന് വലിയ അം​ഗീകാരം ലഭിച്ചതിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
.
‘ഒരുപാട് സന്തോഷമുണ്ട്, മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നുള്ളതിനൊപ്പം തന്നെ ആ സിനിമയ്ക്ക് ഇത്രയും അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്. ഈ അംഗീകാരങ്ങൾക്ക് ഒപ്പം തന്നെ ആ സിനിമയ്ക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം സിനിമ റിലീസ് ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആ സിനിമക്ക് അംഗീകാരം തന്നു എന്നുള്ളതാണ്, അത് കഴിഞ്ഞതിനുശേഷം ആണ് ഈ അംഗീകാരം കിട്ടുന്നത് എന്നത് സന്തോഷത്തിന് ആക്കം കൂട്ടുന്നു. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ സിനിമയും കഥാപാത്രവും ആയിരുന്നു ഇത്.
.
വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ഒരുകൂട്ടം ആള്‍ക്കാരില്‍ പെട്ടതാണ് ഞാനും. ഒരു ലാന്റ്മാര്‍ക് വര്‍ഷം ആണ് മലയാളസിനിമക്ക് കഴിഞ്ഞുപോയത്. മലയാള സിനിമയുടെ പ്രയാണം ഇനിയും ഉയരങ്ങളില്‍ എത്തട്ടെ. മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ ഭയങ്കരമായ അഭിമാനം അനുഭവിക്കുന്ന ആളാണ് ഞാന്‍.
.
മുപ്പത്തിയെട്ട് സിനിമകളില്‍ 22 നവാഗത സംവിധായകരായിരുന്നു എന്നതിൽ സന്തോഷം. ആടുജീവിതത്തിന് വേണ്ടി ചെയ്ത ശാരീരികമായ പ്രയത്‌നം ഇനി ഞാന്‍ ചെയ്യില്ല. അതെനിക്ക് ശാരീരികമായി സാധ്യമാണോ എന്നറിയില്ല. ആടുജീവിതം ഭാവിതലമുറയ്ക്ക് പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു’, പൃഥ്വിരാജ് പറഞ്ഞു.
.
അതേ സമയം എല്ലാ പുരസ്കാര ജേതാക്കൾക്കും നടൻ മമ്മൂട്ടി അഭിനന്ദനങ്ങൾ നേർന്നു.

.

Share
error: Content is protected !!