വയനാട്ടിൽ കനത്ത മഴ; 12 ജില്ലകളിലും മഴ മുന്നറിയിപ്പ്, മലവെള്ളപ്പാച്ചിലിന് സാധ്യതയെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. രാത്രിയും അതിതീവ്ര മഴയാണു പ്രവചിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴ പെയ്യും. യെലോ അലർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിലാണ് കനത്ത മഴ പെയ്യുന്നത്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്നു മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയിൽ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂം പ്രവചിക്കുന്നു.
.
അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായാണ് പ്രവചനം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്.
.
.