‘നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും? മാധബി രാജിവെക്കാത്തതെന്ത്?’: മോദിക്ക് ഭയമെന്ന് പരിഹാസം; ചോദ്യശരങ്ങളുമായി രാഹുൽ – വീഡിയോ
ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലില്‍ ചോദ്യശരങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ചോദ്യങ്ങളുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ കടന്നാക്രമിച്ചു. മോദി എന്തുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
.
‘നിങ്ങള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണുകയാണെന്ന് സങ്കല്‍പ്പിക്കുക. മത്സരം കാണുന്നതും കളിക്കുന്നതുമായ ഓരോരുത്തര്‍ക്കും അറിയാം അമ്പയര്‍ പക്ഷപാതിയാണെന്ന്. ആ മത്സരത്തിന് എന്ത് സംഭവിക്കും? മത്സരഫലത്തിന് എന്ത് സംഭവിക്കും? മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ഇതുതന്നെയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയതോതിലുള്ള ആളുകളാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി സമ്പാദിച്ച പണമാണ് നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ അപകടസാധ്യതയുണ്ട് എന്ന് നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ കടമയാണ്. ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനം പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് അത്’, രാഹുല്‍ തുടര്‍ന്നു.
.
The integrity of SEBI, the securities regulator entrusted with safeguarding the wealth of small retail investors, has been gravely compromised by the allegations against its Chairperson.
Honest investors across the country have pressing questions for the government:
– Why… pic.twitter.com/vZlEl8Qb4b
— Rahul Gandhi (@RahulGandhi) August 11, 2024
.
സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ചിനും അവരുടെ ഭര്‍ത്താവിനും അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ ഓഹരിയുണ്ടെന്നത് സ്‌ഫോടനാത്മകമായ ആരോപണമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഇവിടെ അമ്പയര്‍ പക്ഷപാതിയായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി സമ്പാദിച്ച പണം ഇപ്പോള്‍ അപകടത്തിലാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, ഇക്കാര്യം അടിയന്തരമായി അന്വേഷിക്കപ്പെടണമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് രാഹുല്‍ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
.
‘ചെറുകിട നിക്ഷേപകര്‍ക്കും സത്യസന്ധരായ നിക്ഷേപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ചോദ്യങ്ങളാണുള്ളത്. ഒന്ന്, എന്തുകൊണ്ടാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ച് രാജിവെക്കാത്തത്? രണ്ട്, നിക്ഷേപകര്‍ക്ക് പണം നഷ്ടമായാല്‍ അതിന് ആരാണ് ഉത്തരവാദി? ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ? മാധവി ബുച്ച് ആണോ? മിസ്റ്റര്‍ അദാനിയാണോ? അവസാനത്തെ ചോദ്യം, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി വീണ്ടും സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടുമോ? എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.പി.സി. അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമായി.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.