ശക്തമായ മഴ, മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ

മലപ്പുറം: കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയിൽ മിനിറ്റുകൾക്കൊണ്ട് ജലനിരപ്പ് ഉയർന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് 2:30 മണിയോടെ പെയ്ത അതിശക്തമായ മഴയിൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വർധിക്കുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിൽ മരങ്ങളും ചില്ലകളും ഒഴുകി വരുകയും പുഴയിലെ ജലനിരപ്പ് മാമ്പറ്റ പാലത്തിനു മുകളിലേക്ക് ഉയരുകയുമായിരുന്നു.
.


.
പാലത്തിന് സമീപത്തുള്ള രണ്ട് വീടുകളിലെ ആളുകളെ ബന്ധുവീടുകളുൾപ്പെടെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റുള്ളവർക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പെട്ടന്ന് ജലനിരപ്പുയർന്നതിന് കാരണം മണ്ണിടിച്ചിലാണോയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഉദ്യോ​ഗസ്ഥർ കൂടുതൽ പരിശോധന നടത്തുന്നുണ്ട്.
.


.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
.

.

.

15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കി.മീ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട്
11/08/2024: പാലക്കാട്, മലപ്പുറം
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം

മഞ്ഞ അലർട്ട്
11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്
12/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
14/08/2024: കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്
15/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 11.08.2024 മുതൽ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 11.08.2024 മുതൽ 15.08.2024 വരെ: തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

.

Share
error: Content is protected !!