ഷെയ്ഖ് ഹസീനയുടെ പാർട്ടിനേതാക്കളായ 29 പേരും കുടുംബാം​ഗങ്ങളും കൊല്ലപ്പെട്ടു; ബംഗ്ലാദേശിൽ കലാപം തുടരുന്നു – വീഡിയോ

ധാക്ക: പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിയിൽ അഭയംതേടിയതിനു പിന്നാലെ അവാമി ലീ​ഗിന്റെ 29 നേതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ ബം​ഗ്ലാദേശിൽ കണ്ടെത്തി. തിങ്കളാഴ്ച ഹസീന രാജിവെച്ചതിനുശേഷം നിരവധി അവാമി ലീ​ഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന് ധാക്ക ട്രീബ്യൂണൽ റിപ്പോർട്ടുചെയ്തു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.
.


.
മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലത്തിന്റെ വീടിന് പ്രക്ഷോഭകാരികൾ ‍തീയിട്ടതിനെ തുടർന്ന് ആറുപേർ മരിച്ചു. അവാമി ലീ​ഗിന്റെ യുവജന വിഭാ​ഗമായ ജുബോ ലീ​ഗിന്റെ രണ്ട് നേതാക്കന്മാരുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. ജുബോ ലീ​ഗ് ജില്ലാ ജോയിന്റ് സെക്രട്ടറി സമുൻ ഖാന്റെ വീടിന് തിങ്കളാഴ്ച ജനക്കൂട്ടം തീയിട്ടിരുന്നു. ഇവിടെനിന്ന് ആറ് മൃതദേഹങ്ങളും കണ്ടെടുത്തു.
.


.
ധാക്കയിലെയും ധൻമോണ്ടിയിലെയും അവാമി ലീഗിന്റെ ഓഫീസുകൾക്ക് കഴിഞ്ഞദിവസം തീവെപ്പുണ്ടായി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാലിന്റെയും സുപ്രീംകോടതി ജഡ്ജിയുടെയും വീടുകൾക്കും തീയിട്ടു. സർക്കാർസ്ഥാപനങ്ങളും ആക്രമിച്ചു. മന്ത്രിമാരുടെയും അവാമി ലീഗ് എം.പി.മാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും തച്ചുതകർത്തു. ഹൈന്ദവക്ഷേത്രങ്ങൾക്കുനേരേയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ധാക്കയ്ക്കകത്തും പുറത്തും വ്യാപക കൊള്ള റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അതേ സമയം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ആക്രമണം ഉണ്ടാകാതിരിക്കാൻ മുസ്ലിം സഹോദരങ്ങൾ ക്ഷേത്രങ്ങൾക്ക് കാവലിരുന്ന് സുരക്ഷ ഏർപ്പെടുത്തി.
.

.


.
ഹസീന നാടുവിട്ടെന്ന വാർത്ത പരന്നതോടെ ആയിരക്കണക്കിനാളുകൾ ധാക്കയിലെ അവരുടെ ഔദ്യോഗികവസതിയായ സുധസദൻ കൈയേറി. ഹസീനയുടെ പിതാവും ബംഗ്ലാദേശ് വിമോചനനേതാവും മുൻപ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ ചുറ്റികകൊണ്ട് അടിച്ചുതകർത്തു. ഹസീനയുടെ കിടപ്പുമുറിയടക്കം നശിപ്പിച്ച സമരക്കാർ വസ്ത്രങ്ങൾ, മര ഉരുപ്പടികൾ, സാരികൾ, പരവതാനികൾ തുടങ്ങി കൊട്ടാരത്തിലെ സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോയി.
.


.
ഹസീനയെ പലായനംചെയ്യാൻ നിർബന്ധിതമാക്കിയ നിർണായക മണിക്കൂറുകളിൽ തലസ്ഥാനമായ ധാക്കയിലടക്കം വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ 119 പേരാണ് കൊല്ലപ്പെട്ടത്. ധാക്ക മെഡിക്കൽ കോളേജിൽമാത്രം 37 മൃതദേഹങ്ങളെത്തിച്ചു. വെടിയേറ്റവരടക്കം പരിക്കേറ്റ അഞ്ഞൂറിലധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ധാക്കയുടെ പ്രാന്തപ്രദേശങ്ങളായ സവാർ, ധാമ്രൈ എന്നിവിടങ്ങളിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 18 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചത്തെ അക്രമസംഭവങ്ങളിൽ 101 പേർ മരിച്ചിരുന്നു. ഇതോടെ ജൂലായ് 16 മുതൽ നടക്കുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 440 ആയി.

.

Share
error: Content is protected !!