വീട്ടിൽക്കയറി വെടിവെപ്പ്: വനിതാ ഡോക്ടർ നാലുദിവസം കസ്റ്റഡിയിൽ; യുവതിയുടെ ഭർത്താവിനെതിരെ പ്രതിയുടെ പീഡന പരാതി

തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊല്ലത്ത് ഡോക്ടര്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും.
.
ജൂലായ് 28-നാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ ഷിനിയെ വനിതാ ഡോക്ടര്‍ വീട്ടില്‍ക്കയറി വെടിവെച്ചത്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. കാറില്‍ മുഖംമറച്ചെത്തി ആക്രമണം നടത്തിയ വനിതാ ഡോക്ടറെ ജൂലായ് 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡ്യൂട്ടിക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭര്‍ത്താവ് സുജീത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജീത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.
.
ഒരുവര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വനിതാഡോക്ടര്‍ വെടിവെപ്പ് നടത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് എയര്‍പിസ്റ്റള്‍ വാങ്ങിയതെന്നും ഇന്റര്‍നെറ്റിലൂടെയാണ് വെടിവെയ്ക്കാനുള്ള പരിശീലനം നേടിയതെന്നും ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു. അതിനിടെ, അറസ്റ്റിലായതിന് രണ്ടാംദിവസം വനിതാ ഡോക്ടര്‍ സുജീത്തിനെതിരേ പീഡനപരാതിനല്‍കി.
.
സുജീത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി.ആര്‍.ഒ ആയിരിക്കെയാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന പ്രതിയുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും.ഈ സമയത്താണ് പീഡനം നടന്നതെന്നാണ് മൊഴി. എട്ട് മാസത്തിന് ശേഷം സുജീത്ത് മാലദ്വീപിലേക്ക് പോയി. തന്നെ ഒഴിവാക്കാനാണ് സുജിത്ത് ശ്രമിക്കുന്നതെന്ന തോന്നലില്‍ നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് സുജീത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജീത്തും നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.
.
വനിതാഡോക്ടറുടെ പരാതിയില്‍ സുജീത്തിനെതിരേ പോലീസ് പീഡനക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനം നടന്നത് കൊല്ലത്തായതിനാല്‍ ഈ കേസ് പിന്നീട് കൊല്ലം പോലീസിന് കൈമാറി. പീഡനക്കേസില്‍ കൊല്ലം കണ്ണനല്ലൂര്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

.

Share
error: Content is protected !!