വഖഫ് ബോര്‍ഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം; വഖഫ് നിയമം ഭേദഗതി ചെയ്യും, ബോര്‍ഡിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കും
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
.
വഖഫ് നിയമത്തില്‍ 40-ഓളം ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള വിവരം. വഖഫ് നിയമ ഭേദഗതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഭേദഗതി പ്രകാരം വഖഫ് ബോര്‍ഡുകള്‍ അവകാശമുന്നയിക്കുന്ന സ്വത്തുക്കളുടെ മേല്‍ പരിശോധന നിര്‍ബന്ധിതമാക്കും.
.
വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. പുറത്തുവിട്ട മന്ത്രിസഭാ തീരുമാനങ്ങളുടെ കൂട്ടത്തില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. വഖഫ് നിയമ ഭേദഗതിക്കുള്ള തയ്യാറെടുപ്പുകള്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നാണ് വിവരം.
.
രാജ്യത്തുടനീളം 8.7 ലക്ഷത്തിലേറെ വസ്തുക്കളാണ് (9.4 ലക്ഷം ഏക്കര്‍ ഭൂമി) വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളത്. നിലവില്‍ വഖഫ് ബോര്‍ഡിന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.
.
വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകള്‍ റദ്ദാക്കാനും പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. വഖഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും ചുമതലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
.