ഹജ്ജിനിടെ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു; എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ
മക്ക: ഹജ്ജ് കർമങ്ങൾക്കിടെ മിനയിൽ വെച്ച് കാണാതായ മലയാളി തീർഥാടകൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മലപ്പുറം വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് (74) മരിച്ചതായി ഇന്ത്യൻ എംബസി മുഖേനേയാണ് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അറഫ സംഗമവും കഴിഞ്ഞ് മുസ്ദലിഫയിൽ തങ്ങിയ ശേഷം മിനയിലെത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചിരുന്നത്. അതിന് ശേഷം ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളുമുണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇയാളെ കണ്ടെത്തുന്നതിനായി ഹജ്ജിന് ശേഷവും വ്യപകമായി തിരച്ചിൽ നടത്തിയിരുന്നു. ഖത്തറിലുള്ള മകനും അന്വേഷണത്തിനായി മക്കയിലെത്തിയിരുന്നു. സൈനിക ആശുപത്രികളിലുൾപ്പെടെ അന്വേഷണം നടത്തി. എവിടെയും കണ്ടെത്താനായിരുന്നില്ല. ഇദ്ദേഹത്തെ കണ്ടെത്താൻ ബന്ധുക്കൾ പ്രവാസികളുൾപ്പെടെയുള്ളവരുടെ സഹായവും തേടിയിരുന്നു. അതിനിടെയാണ് ഇന്ന് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് എംബസിയുടെ അറിയിപ്പ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിക്കുന്നത്.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് ഹജ്ജ് തീർഥാടനത്തിന് എത്തിയിരുന്നത്. മൃതദേഹം മക്കയിൽ മിനക്കടുത്തുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലുള്ള മകൻ നാളെ മക്കയിലെത്തും. മൃതദേഹം കണ്ട് സ്ഥിരീകരിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക.
.