ഹിമാചലില്‍ വിമതരോട് വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്; കൂറുമാറിയ ആറ് MLAമാരെ സ്പീക്കര്‍ അയോഗ്യരാക്കി
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വിമതര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ സ്പീക്കര്‍ അയോഗ്യരാക്കി. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്.
‘കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു’ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു.
മുതിര്‍ന്നനേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണ് ഹിമാചലിലെ വിമത നീക്കത്തിന് പിന്നില്‍. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പ്രതിഭാ സിങിന്റെ മകനും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജിവെച്ച് വിമത ഭീഷണിയുയര്‍ത്തിയിരുന്നെങ്കിലും ഹൈക്കമാന്‍ഡിന്റെ ഇടപെടലില്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു.
കര്‍ണാടക ഉപമുഖ്യമന്ത്രിയും തന്ത്രജ്ഞനുമായ ഡി.കെ.ശിവകുമാറിനെയും ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെയും ഭൂപൂന്ദര്‍ ഹൂഡയെയുമാണ് പാര്‍ട്ടിക്കകത്തെ പടലപ്പിണക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഷിംലയിലേക്ക് അയച്ചത്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കിടയിലും കൂറുമാറിയവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ഭാഗമാണ് അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.
കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുത്ത് സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ബി.ജെ.പി. നീക്കംതുടരുന്നതിനിടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സര്‍ക്കാര്‍ താത്കാലിക ആശ്വാസംനേടിയിരുന്നു.
സ്പീക്കറുടെ ചേംബറിലെത്തി പ്രതിഷേധവുമുയര്‍ത്തി. പ്രതിപക്ഷനേതാവ് ജയറാം താക്കൂര്‍ അടക്കം 15 ബി.ജെ.പി. അംഗങ്ങളെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ സസ്‌പെന്‍ഡ്‌ചെയ്യുകയുമുണ്ടായി. ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക