ഗസ്സയിൽ തിങ്കളാഴ്ചയോടെ വെടിനിർത്തലിന് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ
തിങ്കളാഴ്ചയോടെ ഇസ്രായേലും ഹമാസും തമ്മിൽ ഗാസ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഒരു ഹാസ്യ നടനോടൊപ്പം ഐസ്ക്രീം ഷോപ്പിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.
പ്രസിഡൻ്റ് ബൈഡനുമായി ഒരു പുതിയ വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ചകൾ തുടരുകയാണ്. 400 ഫലസ്തീൻ തടവുകാരും ഗാസയിൽ തടവിലാക്കപ്പെട്ടവരെന്ന് കരുതുന്ന 40 തടവുകാരും കരാറിൻ്റെ ഭാഗമാകുമെന്നാണ് സൂചന.
വെടി നിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു ഇസ്രായേലി സൈനിക സംഘം ഖത്തറിലേക്ക് പറന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിരുന്നു. അതിന് പിന്നാലെയാണ് തിങ്കളാഴ്ച ന്യൂയോർക്കിൽ ബൈഡൻ്റെ അഭിപ്രായപ്രകടനം.
എന്നാൽ ബൈഡൻ്റെ പ്രസ്താവനയെ കുറിച്ച് ഇസ്രായേലും ഹമാസും ഔദ്യോഗികമായി ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫർഅ അഭയാർത്ഥി ക്യാമ്പിലും രൂക്ഷമായ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ അൽ ഷിഫ ആശുപത്രിയിൽ സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തു. ഇതിനെ തുടർന്ന് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിലെ ഡോക്ടർമാർ രോഗികളെ തറയിൽ കിടത്തിയാണ് ചികിത്സിക്കുന്നത്.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 29,878 പേർ കൊല്ലപ്പെടുകയും 70,215 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക