ലീഗ് യോഗത്തിൽ അന്തിമ തീരുമാനമായില്ല; ചർച്ച നാളെയും തുടരും. പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്ത്

മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ഉയർന്ന ധാരണകൾ ചർച്ച ചെയ്യുന്നതിനായി മുസ്‌ലീം ലീഗിൻ്റെ നേതൃയോഗം അവസാനിച്ചു. സ്വാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. തീരുമാനങ്ങൾ നാളെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ സംസ്ഥാന പ്രസിഡൻ്റ് സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് യോഗം ചേർന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നാളെ നേതൃയോഗം ചേർന്ന് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അന്തിമതീരുമാനം സാദിഖലി തങ്ങൾ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസിൻ്റെ രാജ്യസഭ സീറ്റ് നിർദേശത്തിൽ അന്തിമ തീരുമാനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും നാളെ വിശദമായ യോഗം ചേരുമെന്നും ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലോ രാജ്യസഭാ തിരഞ്ഞെടുപ്പിലോ പ്രാതിനിധ്യം ആവശ്യപ്പെട്ട് നേരത്തെ യൂത്ത് ലീഗ് നേതൃത്വം മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാതിനിധ്യം വേണമെന്ന് അറിയിച്ചതായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ആവശ്യം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യസഭയോ ലോക്സഭയോ എന്നതല്ല പ്രാതിനിധ്യം ആണ് ആവശ്യപ്പെട്ടതെന്നും മുനവറലി തങ്ങൾ കൂട്ടിച്ചേർത്തു. ആവശ്യത്തിൽ മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.മുസ്ലിം ലീഗ് നേതൃയോഗത്തിന് മുന്നോടിയായിട്ടായിരുന്നു യൂത്ത് ലീഗ് നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളെ കണ്ടത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ പുതിയതായി ലഭിക്കാൻ ധാരണയായിരിക്കുന്ന രാജ്യസഭ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം. സിറ്റിങ്ങ് എം പിമാർ മാറുകയാണെങ്കിൽ കെ എം ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.

നിലവിലെ സിറ്റിങ്ങ് സ്ഥാനാർത്ഥികൾ മണ്ഡലം മാറി മത്സരിക്കുന്ന വിഷയത്തിലും രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ചും ചർച്ച ചെയ്യാനാണ് ലീഗ് നേതൃയോഗം നിശ്ചയിച്ചിരിക്കുന്നത്. ഈ വിഷയങ്ങൾ നാളെ ചേരുന്ന നേതൃയോഗത്തിൽ വിശദമായി ചർച്ചചെയ്യും. ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തിൽ ഇ ടി മുഹമ്മദ് ബഷീർ സമ്മർദ്ദം ചെലുത്തുന്നതും ഇന്നത്തെ നേതൃയോഗം ചർച്ച ചെയ്യും. ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകളും മുസ്ലിം ലീഗിൽ സജീവമാണ്.

 

ഇതിനിടെയാണ് പൊന്നാനിയിൽ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കണമെന്ന താൽപ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തിൽ ആവശ്യം വീണ്ടും ഉന്നയിക്കും. നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ 35 വർഷവും മത്സരിച്ചത് മറ്റു മണ്ഡലങ്ങളിൽ നിന്നാണെന്നതാണ് ഇ ടി ചൂണ്ടിക്കാണിക്കുന്നത്. പൊന്നാനിയിൽ സമുദായ വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്കയാണ് മണ്ഡലം മാറി മത്സരിക്കാൻ ഇ ടിയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കണമെന്ന് തീരുമാനിച്ചാൽ അതിന് വഴങ്ങിക്കൊടുക്കേണ്ടി വരും. മലപ്പുറം വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ നിർബന്ധം പിടിച്ചാൽ അതും അവഗണിക്കാൻ ലീഗ് നേതൃത്വത്തിന് സാധിക്കില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!