അവധി ദിനത്തിലും തുറന്ന് എംബസിയുടെ സഹായം, കരുണവറ്റാത്ത ഹൃദയങ്ങൾ കൂടെ; റിയാദ് എയർപോർട്ടിൽ കുടുങ്ങിയ പ്രവാസി നാട്ടിലേക്ക് പറന്നു

റിയാദ്: ആഭ്യന്തരപ്രശ്നം രൂക്ഷമായ സുഡാനിൽനിന്ന് നാട്ടിലേക്ക് മടങ്ങൂന്നതിനിടെ തമിഴ്നാട് സ്വദേശി റിയാദ് എയർപ്പോർട്ടിൽ കുടുങ്ങി. മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ പാസ്‍പോർട്ടാണ് വില്ലനായത്. തമിഴ്‍നാട്ടിലെ ഗൂഡല്ലൂർ സ്വദേശി കൃസ്തുരാജിനെ ഈ പ്രശ്നമൊന്നും കണക്കിലെടുക്കാതെ സുഡാൻ വിമാന കമ്പനിയായ ബദർ എയർവേയ്സ് റിയാദിലെത്തിക്കുകയായിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ പാസ്‍പോർട്ടിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ഒരു വിമാന കമ്പനിയും തയ്യാറായില്ല. അതോടെയാണ് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കഴിയേണ്ടിവന്നത്.

ഡ്രൈവർ ജോലി കിട്ടി ഒരു വർഷം മുമ്പാണ് ഇയാൾ സുഡാനിൽ പോയത്. അതിനിടയിലാണ് അവിടെ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്. ജോലിയിൽ തുടരൽ പ്രതിസന്ധിയിലായി. നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയായി. അതിന് ശ്രമിക്കുമ്പോഴാണ് പാസ്‍പോർട്ടിന്റെ കാലാവധി 2023 സെപ്തംബറിൽ കഴിഞ്ഞതായി മനസിലാക്കുന്നത്. പുതുക്കാൻ അപേക്ഷ നൽകണമെങ്കിൽ രാജ്യതലസ്ഥാനമായ ഖാർത്തൂമിലെത്തണം. വളരെ അകലെ ഒരു ഉൾഗ്രാമത്തിൽ കഴിയുന്ന കൃസ്തുരാജിന് അതത്ര എളുപ്പമായിരുന്നില്ല. പ്രശ്നകലുഷിതമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാവേരി മിഷന്റെ സഹായവും ഈ കാരണം കൊണ്ട് തന്നെ പ്രാപ്യമായില്ല.

വിവരങ്ങളറിഞ്ഞ് ഖാർത്തൂമിലെത്തുമ്പോഴേക്കും ഒഴിപ്പിക്കൽ ദൗത്യവും അവസാനിച്ചിരുന്നു. ഇപ്പോഴും കലുഷിതാവസ്ഥ തുടരുന്ന ഖാർത്തൂമിൽ ഇന്ത്യൻ എംബസിയെ സമീപിച്ച് പാസ്‍പോർട്ട് പുതുക്കാനുള്ള സൗകര്യം കിട്ടിയതുമില്ല. രണ്ടും കൽപിച്ച് ബദർ എയർവേയ്സിൽ ഇന്ത്യയിലേക്ക് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചു. കലഹം നടക്കുന്നിടത്തുനിന്ന് രക്ഷപ്പെടുന്നവരുടെ ഔദ്യോഗിക രേഖകളുടെ സാധുത പരിശോധനയൊന്നുമില്ലാത്തതിനാൽ വിമാന ടിക്കറ്റ് കിട്ടി. പക്ഷേ വിമാനം റിയാദിലേക്കേയുള്ളൂ. അവിടെ നിന്ന് കണക്ഷൻ വിമാനം നോക്കണം. എയർ ഇന്ത്യയിൽ ചെന്നൈയിലേക്കുള്ള ടിക്കറ്റുമെടുത്തു. അങ്ങനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഖാർത്തൂമിൽനിന്ന് റിയാദ് എയർപ്പോർട്ടിലിറങ്ങിയത്.

റിയാദിൽ യാത്രാ നടപടികൾക്കിടെയാണ് പാസ്‍പോർട്ടിന് സാധുതയില്ലെന്ന് കണ്ടെത്തുന്നത്. എയർ ഇന്ത്യ കൈയ്യൊഴിഞ്ഞു. വഴിയടഞ്ഞതോടെ എയർപ്പോർട്ട് ടെർമിനലിൽ കുടുങ്ങി. ടിക്കറ്റും കാൻസലായി. മനുഷ്യത്വമുള്ള ആളായതിനാൽ ബദർ എയർവേയ്സിന്റെ എയർപ്പോർട്ട് മാനേജർ താരിഖ്, കൃസ്തുരാജിനെ സമാധിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ആശ്വസിപ്പിച്ചു. രണ്ടുദിവസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തു.
എയർപ്പോർട്ടിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് പാസ്‍പോർട്ട് പതുക്കാൻ ശ്രമം നടത്തി.

വെള്ളിയാഴ്ച അവധിദിനമായിട്ടും എംബസി കോൺസുലർ സെക്ഷനിലെ ഉദ്യോഗസ്ഥൻ പാസ്‍പോർട്ട് അതിവേഗം പുതുക്കി നൽകി. തത്കാൽ സംവിധാനത്തിൽ പാസ്‍പോർട്ട് പുതുക്കുന്നതിനുള്ള പണം ശിഹാബ് തന്നെ അടച്ചു. പുതുക്കിയ പാസ്‍പോർട്ട് വേഗം എയർപോർട്ടിലെത്തിച്ചു. അപ്പോഴേക്കും ബദർ എയർവേയ്സ് മാനേജർ താരിഖ് സ്വന്തം കീശയിൽനിന്ന് പണമെടുത്ത് എയർ ഇന്ത്യയുടെ ടിക്കറ്റ് എടുത്തുവെച്ചിരുന്നു. രണ്ടുദിവസത്തെ എയർപ്പോർട്ട് ജീവിതത്തോട് വിട ചൊല്ലി കൃസ്തുരാജ് നാട്ടിലേക്ക് പറന്നു. മലയാളികളായ ഇഖ്ബാൽ, ബഷീർ കരോളം, എയർപ്പോർട്ടിലെ ടിക്കറ്റിങ് ഓഫീസർ ഖാലിദ് സുഫിയാൻ എന്നിവരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!