മൂന്നാം സീറ്റ്: കോൺഗ്രസുമായുള്ള ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ്; തീരുമാനം 27ന് നടക്കുന്ന ലീഗ് യോഗത്തിന് ശേഷം പുറത്ത് വിടും
കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാൽ ചർച്ചയിൽ നടന്ന കാര്യങ്ങൾ 27 ന് നടക്കുന്ന ലീഗ് യോഗത്തിൽ ചർച്ച ചെയ്യും. 27 ന് ചേരുന്ന യോഗത്തിന് ശേഷം ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച ലീഗും കോൺഗ്രസും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുസ്‍ലിം ലീഗിന്റെ അധിക സീറ്റിൽ കോൺഗ്രസ് ഉപാധികള്‍ വെച്ചിരുന്നു. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാം. 2026ൽ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്നാണ് ഉപാധി. രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി.
സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നൽകിയാൽ അത് പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോൺഗ്രസ് ഉപാധി വെച്ചിരുന്നു. ലീഗ് കോൺഗ്രസ് സീറ്റ് വിഷയം സൗഹാർദപരമായി തീർക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു.
എന്നാൽ ലീഗിന് സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ, മുസ്‍ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിർദേശം മുസ്‍ലിം ലീഗിനു മുൻപിൽ കോൺഗ്രസ് വച്ചതായും റിപ്പോർട്ടുണ്ട്. രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം ചൊവ്വാഴ്ചത്തെ ലീഗ് യോഗം ചർച്ച ചെയ്യും.
അതേസമയം, മുസ്‍ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ‘‘ചർച്ചയിലെ തീരുമാനങ്ങൾ പങ്കെടുത്ത നേതാക്കൾ അവരുടെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. ഞങ്ങൾ ഞങ്ങളുടെ നേതൃത്വവുമായും ചർച്ച ചെയ്യും. അതിനുശേഷം 27–ാം തീയതി അന്തിമ തീരുമാനം ഉണ്ടാകും. മൂന്നാം സീറ്റ് നൽകുമോയെന്ന കാര്യം 27–ാം തീയതി കഴിയാതെ പറയാനാകില്ല. ചർച്ചയിൽ യുഡിഎഫ് സംതൃപ്തരാണ്. നന്നായി ചർച്ച പൂർത്തിയാക്കി. എല്ലാം പോസിറ്റീവാണ്. ലീഗ് നേതാക്കൾ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.
‘‘നീണ്ട വർഷത്തെ ബന്ധമുള്ള രണ്ട് സഹോദരപാർട്ടികളാണ് ഞങ്ങൾ. മറ്റു കാര്യങ്ങളാണു ചർച്ചയിൽ കൂടുതൽ സംസാരിച്ചത്. ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകള്‍ പൂർത്തിയാക്കി. യുഡിഎഫിൽ തുടരാൻ ആയിരം കാരണങ്ങളുണ്ട്, എൽഡിഎഫിൽ പോവാൻ ഒരു കാരണവുമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടും ഇടതുനേതാക്കൾ പിന്നെയും ലീഗിന് പുറകേ നടക്കുകയാണ്.’’ – സതീശൻ പ്രതികരിച്ചു.
കോൺഗ്രസുമായി നടന്ന ചർച്ച തൃപ്തികരമെന്നായിരുന്നു യോഗത്തിനു പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേർന്ന് യോഗതീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്ഥലത്തില്ലാത്തതിനാൽ, അദ്ദേഹം എത്തിയശേഷം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്‍ലിം ലീഗ് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നുമായിരുന്നു യോഗത്തിനു മുൻപ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക