ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ക്രൂരതക്ക് വീണ്ടും അമേരിക്കയുടെ പിന്തുണ; അൾജീരിയയുടെ വെടിനിർത്തൽ പ്രമേയത്തെ യു.എൻ രക്ഷാസമിതിയിൽ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു
ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ സമർപ്പിച്ച കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുന്നത്.
അൾജീരിയയുടെ വെടിനിർത്തൽ പ്രമേയത്തിന് 13 രാജ്യങ്ങൾ പിന്തുണ നൽകി. അതേ സമയം ബ്രിട്ടണ് വിട്ടുനിന്നു. ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ബന്ദികളെ മോചിപ്പിക്കാൻ സഹായകരമാകുന്ന ധാരണയിലെത്താൻ തങ്ങളുടെ രാജ്യം ശ്രമിച്ച് വരികയാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി ലിൻഡ തോമസ്ഗ്രീ ൻഫീൽഡ് പറഞ്ഞു. അതിനാൽ അൾജീയിരിയൻ പ്രമേയം തങ്ങളുടെ ചർച്ചകളെ ദുർബലപ്പെടുത്തുമെന്ന് തങ്ങൾക്ക് ആശങ്കയുണ്ടെന്നും അമേരിക്കൻ പ്രതിനിധി പറഞ്ഞു. അതിനാൽ ഇപ്പോൾ വെടിനിർത്തൽ കരാറിനെ പിന്തുണക്കാൻ സാധിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.
ഇപ്പോൾ കൗൺസിൽ എടുക്കുന്ന ഏതൊരു നടപടിയും തങ്ങളുടെ ചർച്ചകളെ സഹായിക്കാനാകണം. അവയെ തുരങ്കം വെക്കരുത്. ഗസ്സയിലെ സംഘർഷത്തിൽ ശാശ്വത പരിഹാരമാണ് വാഷിംഗ്ടണ് തേടുന്നത്. ഇസ്രായേലികളേയും ഫലസ്തീനകളേയും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കും വിധമുള്ള ശാശ്വത പരിഹാരത്തിന് ശ്രമിച്ച് വരികയാണെന്നും പ്രമേയത്തെ വീറ്റോ ചെയ്തുകൊണ്ട് അമേരിക്കൻ പ്രതിനിധി വ്യക്തമാക്കി.
ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഉത്തരവ് വന്ന് ഒരു മാസം കഴിഞ്ഞിട്ടും ഗസ്സയിലെ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടകരുകയാണ്. ഇനി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അൾജീരിയയുടെ പ്രതിനിധി അമ്മാർ ബെൻ ജാമ പറഞ്ഞു. ഗസ്സക്കെതിരായ ആക്രമണത്തിൽ നിശബ്ദരാകാൻ സാധ്യമല്ല. പ്രവർത്തിക്കാനുള്ള സമയമാണിതെന്നും അൾജീരിയൻ പ്രതിനിധി പറഞ്ഞു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധമായ നടപടികളെ പിന്തുണച്ച് വോട്ടുചെയ്യാനുള്ള ഉത്തരവാദിത്തം സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ വഹിക്കണം എന്ന് പറഞ്ഞ അൾജീരിയൻ പ്രതിനിധി പ്രമേയം സത്യത്തിനും മനുഷ്യത്വത്തിനും അനുകൂലമായ നിലപാടിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നത് ക്രൂരമായ അക്രമത്തിനും ഫലസ്തീനികൾക്കെതിരെ ചുമത്തിയ കൂട്ടശിക്ഷയ്ക്കും പിന്തുണ നൽകലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ അൾജീരിയയുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഡെപ്യൂട്ടി യുഎസ് അംബാസഡർ റോബർട്ട് വുഡ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ പ്രമേയം വോട്ടിനിടുകയാണെങ്കിൽ, അത് പാസാക്കില്ലെന്നും തങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൂടുതൽ തടവുകാരെ മോചിപ്പിക്കുന്നതുൾപ്പെടെ ഒരു സന്ധിയിലെത്താനുള്ള സൂക്ഷ്മമായ നയതന്ത്ര ചർച്ചകളെ ഈ പ്രമേയം അപകടത്തിലാക്കുമെന്ന വിചിത്രവാദമാണ് അമേരിക്ക ഇതിന് കാരണമായി ഉയർത്തുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക