ഗൾഫ് നാടുകളിൽ മഴ ശക്തമായി തുടരുന്നു; ഒഴുക്കിൽപ്പെട്ട് മലയാളി മരിച്ചു
ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി മഴവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. അതേസമയം, ഒമാനിൽ മഴ അൽപ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയിൽ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും വാർത്ത പുറത്ത് വരുന്നത്. ഇയാളുടെ മൃതദേഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അരൂക്കുറ്റി നദ്വത്ത് നഗർ തറാത്തോട്ടത്ത് വലിയവീട്ടിൽ അബ്ദുല്ല വാഹിദ് (28) ആണ് ഇബ്രയിൽ മരിച്ചത്. ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വാഹിദ് തിങ്കളാഴ്ച വാഹനവുമായി സൂറിൽ പോയി മടങ്ങിവരുന്നതിനിടെ ഇബ്രക്കടുത്തുവെച്ച് കുത്തിയൊലിക്കുന്ന വാദിയിൽ അകപ്പെടുകയായിരുന്നു. വാഹിദിന്റെ കൂടെയുണ്ടായിരുന്ന സ്വദേശി പൗരൻ രക്ഷപ്പട്ടു. പിതാവ്: ഇബ്രാഹിം. മാതാവ്: ബൽകീസ്. സഹോദരി: വാഹിദ. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിച്ച് വരികയാണ്.
മരിച്ച ആലപ്പുഴ സ്വദേശി അബ്ദുല്ല വാഹിദ്
ഒമാനിലെ ഇസ്കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി. കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ദാഹിറ ഗവർണറേറ്റിൽ ഇന്നലെ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തിയതായി ഇന്ന് രാവിലെ സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. ഗവര്ണറേറ്റിലെ യാങ്കിൽ വിലായത്തിലാണ് സംഭവം നടന്നത്.
യാങ്കിൽ വിലയത്തിൽ ഉള്ള വാദി ഗയ്യയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ സ്വദേശികളായ രണ്ട് യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്ട്മെൻറിലെ രക്ഷാസംഘങ്ങൾക്ക് അപകടത്തിൽപെട്ട ഒരാളെ ഇന്നലെ തന്നെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഒമാനിലെ വെള്ളപ്പാച്ചിലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക