ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു; ഗൾഫ് നാടുകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) കണ്ടെത്തിയിരുന്നു.

കനത്ത മഴയെ തുടർന്ന് ഇന്നലെ  ഉച്ചയോടെ കൂടിയാണ്  മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബാനി ഗാഫിർ തോട്ടിലെ വെള്ളപ്പാച്ചിലിൽ  ഒഴുകിപ്പോയത്. അതേസമയം ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മുസന്ദം, ബുറൈമി, മസ്ക്കറ്റ്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, ഷർഖിയ, അൽവുസ്ത എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്.

ലിവ വിലായത്തിൽ വാദിയിൽ കുടുങ്ങിയ 2 പേരെക്കൂടി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വടക്കൻ ശര്‍ഖിയ  ഗവർണറേറ്റിലെ പ്രതിരോധ  ആംബുലൻസ് വകുപ്പിൻറെ രക്ഷാസംഘങ്ങൾ ഇന്ന് പുലർച്ചെ സിനാവ് വിലായത്തിലെ അൽ ബത്ത വാദിയിൽ  വാഹനവുമായി കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  വാദിയിൽ  നിന്നും രക്ഷപെട്ടയാൾ പൂർണ ആരോഗ്യവാനാണെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാദി മുറിച്ചു കടന്നതിന് 36 പേർ അറസ്റ്റിലായി. ഇടിമിന്നലോട്  കൂടിയുള്ള മഴയും വെള്ളപാച്ചിലും നിലനിൽക്കുന്ന  സമയത്ത് താഴ്‌വരകൾ മുറിച്ചുകടന്ന് തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിന് മുപ്പത്തിയാറ് പേരെ അൽ ദഖിലിയ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്  അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അതേസമയം യുഎഇയിൽ  മഴയുടെ ശക്തി കുറഞ്ഞു. ഓറഞ്ച് അലര്‍ട്ട് പിൻവലിച്ചു. അൽ ഐൻ മേഖലയിൽ മാത്രമാണ് യെല്ലോ അലേർട്ടുള്ളത്.

യുഎഇയിൽ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്ചയുമുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ  വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.


ബീച്ചുകളും താഴ് വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബിയിലും ദുബായിലും ഇംഗ്ലിഷിലും അറബികിലും സമാനമായ സുരക്ഷാ അലേർട്ടുകൾ താമസക്കാർക്ക് ലഭിച്ചു. പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സൗദിയിലും വ്യാപക മഴയെത്തി. കിഴക്കന്‍ സൗദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ശക്തമായ മഴയനുഭവപ്പെട്ടു. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു.

മഴയില്‍ കിഴക്കന്‍ പ്രവിശ്യില്‍പലയിടത്തും വെള്ളം കയറി. മഴമുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സൗദിയിലുടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കിഴക്കന്‍ പ്രവിശ്യയിലും റിയാദ്, വടക്കന്‍ മേഖലകളിലും മഴ ശക്തമായത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചു.

ഇടിമിന്നലോട് കൂടിയ മഴയാണ മിക്കയിടങ്ങളിലും അനുഭവപ്പെട്ടത്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന ഹൈവേകളിലെ ടണലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടിച്ചിട്ടതിനാല്‍ റോഡുകളില്‍ ഗതാഗത തടസ്സവും നേരിട്ടു. മഴയെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി. താഇഫിലെ ഹദ്ദ ചുരത്തില്‍ മഴയെ തുടര്‍ന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

അല്‍ബഹ ഉള്‍പ്പെടെയുള്ള ഹൈറേഞ്ചുകളിലും ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്നതിനും റോഡുമാര്‍ഗം ദീര്‍ഘദൂര യാത്രകളിലേര്‍പ്പെടുന്നതിനും ജാഗ്രത പാലിക്കാന്‍ സിവില്‍ഡിഫന്‍സും ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കി.

.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!