ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സ്വദേശിയുടെ കാറിൽ കയറി; നിയന്ത്രണം വിട്ട് മറ്റു കാറുകളുമായി കൂട്ടിയിടിച്ചു, മരണപ്പെട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി

സൗദി തെക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ഖമ്മീസ് മുശൈത്തിലുണ്ടായ റോഡപകടത്തിൽ മരിച്ച രാജ്സ്ഥാൻ സ്വദേശികളായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അഹദ് റുഫൈദയിലെ  മഖ്ബറയിൽ ഖബറടക്കി.

നജറാൻ-ഖമീസ് മുശൈത്ത് റോഡിൽ ഖമ്മീസ് മുഷൈത്തിലെ ജയിലിന് മുൻപിൽ അമിത വേഗതയിൽ വന്ന ഇന്നോവ കാർ മറ്റു വാഹനങ്ങളിൽ കൂട്ടിയിടിച്ചാണ് വൻ അപകടമുണ്ടായത്. സഹോദരങ്ങൾ നദീം ഗൂരിയും അബ്ദുൽ ലത്തീഫ് ഗൂരിയും മൂത്ത സഹോദരൻ മുഹമ്മദ് ഹബീബ് ഗൂരിക്കൊപ്പം ഖമ്മീസ് മുഷൈത്തിനടുത്ത് അല് സുമ്മാനിലാണ് താമസിച്ചിരുന്നത്.

മൂന്ന് പേരും നിർമ്മാണ തൊഴിലാളികളാണ്. റൂമിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന്നായി നജറാനിൽ നിന്നു വന്ന സ്വദേശിയുടെ ഇന്നോവ കാറിൽ കയറി ഖമ്മീസ് മുഷൈത്തിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെ ഇവർ യാത്ര ചെയ്തിരുന്ന ഇന്നോവ കാർ മറ്റുകാറുകളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നോവ കാറിലെ സ്വദേശി ഡ്രൈവർ അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ടാണ്  മറ്റു കാറുകളുമായി കൂട്ടിയിടിച്ചത്. സ്വദേശികളും വിദേശികളുമായ വലിയ ജനക്കൂട്ടം ഇവരുടെ ഖബറടക്ക ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മരിച്ച സഹോദരങ്ങൾ കഴിഞ്ഞ ഇരുപതു വർഷമായി ഒരേ സ്പോൺസർക്കു കീഴിൽ ജോലി ചെയ്തുവരുന്നവരാണ്. പ്രദേശ വാസികൾക്കൊക്കെ പ്രിയങ്കരായിരുന്ന സഹോദരങ്ങളെക്കുറിച്ചു നല്ല വാക്കുകൾ പറഞ്ഞു നിറകണ്ണുകളോടെയാണ് ചടങ്ങുകളിൽ പങ്കെടുത്ത സ്വദേശികൾ മടങ്ങിയത്.

അപകടം നടന്ന ഉടനെ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡണ്ടുകൂടിയായ അഷ്റഫ് കുറ്റിച്ചലും റസാഖ് കിനാശ്ശേരിയും അശുപത്രിയിലെത്തുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു. കൂടാതെ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിനേയും മരിച്ചവരുടെ കുടുംബാഗങ്ങളേയും അപകട വിവരം അറിയിക്കുകയും ചെയ്തു. അഷ്റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിൽ സഹോദരൻ മുഹമ്മദ് ഹബീബിനും സുഹൃത്തുക്കൾക്കുമൊപ്പം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെ അഹദ് റുഫൈദയിലെ ഖബർ സ്ഥാനിൽ തൊട്ടടുത്തായി ഒരുക്കിയ ഖബറുകളിൽ രണ്ടുപേരുടേയും മൃതദേഹം ഖബറടക്കി. വാഹനത്തിൽ ഉണ്ടായിരുന്നവരിൽ ആറ് പേർ അപകട സ്ഥലത്ത് വെച്ചും മൊറ്റൊരാൾ ആശുപത്രിയിലെത്തിയ ശേഷവു മരണപ്പെട്ടു.

.

മരിച്ചവരിൽ മൂന്ന് പേർ പേർ ഇന്ത്യക്കാരാണ്. ഇതിൽ സഹോദരങ്ങളായ രാജസ്ഥാനി സ്വദേശികളെ കൂടാതെ ബീഹാർ സ്വദേശിയായ വ്യാസ് യാദവാണ് മരണപ്പെട്ട മൂന്നാമത്തെ ആൾ. ഇയാളുടെ മൃതദേഹം നാട്ടിലേക്കു അയക്കുന്നതിന്റെ നടപടിക്രമങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം കോൺസുൽ നമോ നാരായൺ മീനയുടെ സഹായത്തോടെ പുരോഗമിക്കുന്നതായി അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. ഇവരെ കൂടാതെ രണ്ടു ബംഗ്ലാദേശ് പൗരന്മാരും, ഒരു യമനിയും വാഹനം ഓടിച്ചിരുന്ന സ്വദേശി പൗരനുമാണ് മരണപ്പെട്ടത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!