സ്വതന്ത്ര ഫലസ്തീൻ അംഗീകരിച്ചില്ലെങ്കിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല; നിലപാട് കടുപ്പിച്ച് സൗദി
റിയാദ്∙ 1967ലെ അതിർത്തി കരാർ പ്രകാരമുള്ള സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും കിഴക്കൻ ജെറുസലം ഫലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇസ്രയേൽ – സൗദി നയതന്ത്രം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയുടെ പ്രതികരണത്തിനു മറുപടിയായാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, ഹമാസ് – ഇസ്രയേൽ യുദ്ധം രൂക്ഷമായതോടെയാണ് സൗദി അറേബ്യ – ഇസ്രയേൽ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. ഒക്ടോബര്‍ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ തിരിച്ചടിയിൽ നാലു മാസത്തിനിടെ 27,000ത്തിലേറെ ഫലസ്തീൻകാരാണു കൊല്ലപ്പെട്ടത്. മേഖലയിൽനിന്ന് പിന്മാറാൻ സൈന്യം തയാറായിട്ടില്ല. ഇതിനിടെയാണ് കടുത്ത നിലപാടുമായി സൗദി രംഗത്തുവന്നത്.
യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രസ്താവനയുടെയും അറബ്-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്താനുള്ള സമാധാന പ്രക്രിയയുടെയും പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീന്‍ വിഷയത്തിലും സഹോദരങ്ങളായ പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയിലും സൗദി അറേബ്യ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും വിശദീകരിച്ചു.
സൗദിയും ഇസ്രായേലും സാധാരണനിലയിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമായെന്ന് സൗദി കരുതുന്നു. പ്രസ്താവന ഈ ഘട്ടത്തില്‍ ദോഷം ചെയ്യുമെന്നും സൗദി വിലയിരുത്തുന്നു.
ജോണ്‍ കിര്‍ബിയുടെ അഭിപ്രായങ്ങളുടെ കൂടി വെളിച്ചത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയോട് സൗദിയുടെ ഉറച്ച നിലപാട് വ്യക്തമാക്കുന്നതിനാണ് പ്രസ്താവന ഇറക്കിയതെന്നും മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരം പലസ്തീന്‍ രാഷ്ട്രത്തിന് എത്രയും വേഗം അംഗീകാരം നല്‍കണമെന്ന് പലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് രാജ്യം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ മാത്രമേ പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുകയുള്ളൂ. അതുവഴി എല്ലാവര്‍ക്കും നീതിയും സമാധാനം കൈവരിക്കാന്‍ കഴിയുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക