ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ മയക്ക് മരുന്ന് കേസ്: സഹപ്രവർത്തകരെ രക്ഷിക്കാൻ എക്സൈസ് സംഘം കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതികൾ
ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ ജയിലിലാക്കിയ ചാലക്കുടി വ്യാജ എൽഎസ്ഡി കേസിൽ പങ്കുണ്ടെന്ന് അന്വേഷക സംഘം കരുതുന്ന രണ്ടു പേർ ഹർജിയുമായി ഹൈക്കോടതിയിൽ. കേസില്‍ അടുത്തിടെ പ്രതി ചേർക്കപ്പെട്ട തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണദാസ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചതിനെ തുടർന്ന് ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരി നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസന്വേഷിക്കുന്ന എക്സൈസ് സംഘം കുടുക്കാൻ ശ്രമിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളുരുവിൽ വിദ്യാർഥിയാണ് ഇവർ. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ എക്സൈസ് സംഘം ജാമ്യം കിട്ടാത്ത കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റും ഇവർ ആരോപിച്ചിരുന്നു.
ഷീല സണ്ണിയെ വ്യാജ കേസിൽ അറസ്റ്റ് ചെയ്തതിന് നടപടി നേരിടുന്ന സഹപ്രവർത്തകരെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബലിയാടാക്കുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു. തുടർന്ന് കേസിൽ നോട്ടിസ് അയച്ച കോടതി ഇവരെ അറസ്റ്റ് ചെയ്യരുതെന്നും അന്വേഷക സംഘത്തിന് നിർദേശം നൽകി.
പിന്നാലെയാണ് ലിവിയ ജോസിന്റെ സുഹൃത്ത് എന്നു കരുതപ്പെടുന്ന 52കാരനായ നാരായണ ദാസിലേക്ക് അന്വേഷണം എത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 27നാണ് ഷീല സണ്ണി അറസ്റ്റിലാകുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന എൽഎസ്ഡി സ്റ്റാംപ് പിടികൂടി എന്നായിരുന്നു വാർത്ത. എക്സൈസ് സംഘത്തിന് ലഭിച്ച ഇന്റർനെറ്റ് കോളിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷീല സണ്ണിയുടെ ബാഗും സ്കൂട്ടറും പരിശോധിച്ചപ്പോൾ 12 എൽഎസ്ഡി സ്റ്റാംപുകൾ കിട്ടി എന്നാണ് എക്സൈസ് സംഘം ഷീല സണ്ണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്.
ഷീല സണ്ണിയുടെ പക്കൽ മയക്കുമരുന്നുണ്ടെന്ന് വിളിച്ചറിയിച്ചത് നാരായണ ദാസാണ് എന്നാണ് ഇപ്പോള്‍ എക്സൈസ് സംഘം പറയുന്നത്. ജനുവരി 31ന് ഇയാളെ കേസിൽ പ്രതി ചേർത്ത് എക്സൈസ് ക്രൈംബ്രാഞ്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം ഉദ്യോഗസ്ഥർ നാരായണ ദാസിന് നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിനിടെയാണ് അന്വേഷക സംഘം തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
72 ദിവസത്തിനു ശേഷമാണ് ഷീല സണ്ണി ജയിൽ മോചിതയാകുന്നത്. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപിന്റെ പരിശോധനയിൽ അത് മയക്കുമരുന്ന് അല്ലെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഇത് മറച്ചുവയ്ക്കുകയായിരുന്നു. പിന്നീട് ഈ റിപ്പോർട്ട് പുറത്തായതോടെയാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിക്കുന്നതും കേസ് റദ്ദാക്കപ്പെടുന്നതും.
തുടർന്ന് കേസ് അന്വേഷിക്കാനും ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താനും ഹൈക്കോടതി നിർദേശം നൽകിയതോടെയാണ് വലിയൊരു ഗൂഡാലോചന മറനീക്കി പുറത്തുവരുന്നത്. തന്റെ സ്കൂട്ടറിൽ വച്ചിരുന്ന ബാഗിൽ മയക്കുമരുന്ന് ഒളിപ്പിച്ചതിനു പിന്നിൽ അടുത്ത ബന്ധുവിന്റെ സഹോദരിക്ക് പങ്കുണ്ടാകാമെന്ന് ഷീല സണ്ണി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
Beta feature