‘ബില്ലടക്കാൻ പണമില്ല, ഫ്ലാറ്റിൽനിന്നു വീണുമരിച്ച പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടണം’: യുവാവിൻ്റെ ഹർജിയിൽ വിശദീകരണം തേടി

ഫ്ലാറ്റിൽനിന്നു വീണുണ്ടായ അപകടത്തിൽ മരിച്ച പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ആശുപത്രിയിൽ, മെഡിക്കൽ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് എൽജിബിടിക്യുഐ വിഭാഗത്തിൽ ഉൾപ്പെട്ട യുവാവായ ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഇന്നു വീണ്ടും പരിഗണിക്കും. ലിവ് ഇൻ റിലേഷൻഷിപ്പായി എറണാകുളത്തെ ഫ്ലാറ്റിൽ ഒന്നിച്ചാണു താമസിക്കുന്നതെന്നും പങ്കാളിയായ മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹർജിയിൽ അറിയിച്ചു. 3നു പുലർച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മനുവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4നു മരിച്ചു.

പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നു ബന്ധുക്കൾ എത്തിയെങ്കിലും താൻ മെഡിക്കൽ ബില്ലുകൾ അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നായിരുന്നു നിലപാട്. കൂലിപ്പണി ചെയ്യുന്ന തനിക്ക് ഇത്രയും തുക കണ്ടെത്താനാകില്ലെന്നും 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകാൻ കലക്ടർക്കു നിർദേശം നൽകണമെന്നുമാണു ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!