ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ കോടതിയുടെ അനുമതി – വീഡിയോ
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജദിൽ പൂജക്ക് അനുമതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ പൂജ നടത്താനാണ് വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്.
മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം. 7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു.
വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നും നമസ്‌കാരം നടന്ന മസ്ജിദാണ് ഗ്യാൻവാപിയിലേത്. ഇവിടെ പൂജ തുടങ്ങിയാൽ വലിയ പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ അടിയന്തര നിയമനടപടികളുമായി മസ്ജിദ് കമ്മിറ്റി രംഗത്തെത്താനാണ് സാധ്യത.
ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് നാല് സ്ത്രീകൾ പൂജ നടത്താൻ അനുമതി തേടി വരാണസി കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജില്ലാ കോടതിയുടെ പുതിയ ഉത്തരവ്.
ഗ്യാൻവാപിയിൽ എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നു ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങളോടു പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കോടതിയുടെ ഉത്തരവ്.
നേരത്തേയുണ്ടായിരുന്ന മന്ദിരം 17–ാം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ കാലത്തു തകർത്തതാകാം. സമുച്ചയത്തിന്റെ ഭാഗമായ അറകളിലും മറ്റും ശിൽപങ്ങളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ഇതിൽ, ദേവനാഗരി, തെലുങ്ക്, കന്നഡ ഭാഷങ്ങളിലെ പൗരാണിക ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും ഉണ്ട്. ജനാർദന, രുദ്ര, ഉമേശ്വര എന്നിങ്ങനെ 3 ആരാധനാമൂർത്തികളുടെ പേരും കണ്ടെത്തി’’– റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തലുകളുണ്ടെന്നു വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ഭൂഗർഭ അവശിഷ്ടം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) സർവേ എഎസ്ഐ നടത്തിയിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന മസ്ജിദ് ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണോ സ്ഥാപിച്ചതെന്ന ചോദ്യമുയർന്ന പശ്ചാത്തലത്തിലാണു ജൂലൈയിൽ മസ്ജിദ് സമുച്ചയത്തിൽ പുരാവസ്തു സർവേ നടത്തിയത്.
#WATCH | UP | Gyanvapi case | Advocate Vishnu Shankar Jain, representing the Hindu side says, "We will file a caveat in the Allahabad HC…" pic.twitter.com/qcOKtYWj4B
— ANI (@ANI) January 31, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക