‘കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷനേതാവ് 150 കോടി കൈപ്പറ്റി’; ഗുരുതര ആരോപണവുമായി പി.വി. അന്‍വര്‍

തിരുവനന്തപുരം: കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരില്‍നിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി പി.വി. അന്‍വര്‍ എംഎല്‍എ. പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാന്‍പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ അന്യസംസ്ഥാനങ്ങളിലെ ഐ.ടി. ഭീമന്മാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൂടെനിര്‍ത്തി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളെന്ന് പി.വി. അന്‍വര്‍ നിയമസഭയിൽ ആരോപിച്ചു.

അഞ്ചുവര്‍ഷം കൊണ്ട് 25 വര്‍ഷത്തെ പുരോഗതി കൈവരിക്കാന്‍ ഉതകുമായിരുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അന്യസംസ്ഥാനത്തെ കോര്‍പറേറ്റ് ഭീമന്മാരെ പ്രേരിപ്പിച്ചത് കേരളത്തിലെ യുവത ജോലികള്‍ക്കായി പിന്നീടവരെ ആശ്രയിക്കില്ല എന്ന തിരിച്ചറിവുകൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം പിന്നീടങ്ങോട്ട് എന്തുസംഭവിച്ചാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന സമീപനം സ്വീകരിച്ചത് പണം കൈപ്പറ്റിയതിനാലാണെന്നും അന്‍വര്‍ ആരോപിച്ചു.

‘ആ കൊടുംചതി ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കോര്‍പറേറ്റ് കമ്പനികള്‍ ഗൂഢാലോചന നടത്തി, ദൗത്യത്തിന്റെ ഉത്തരവാദിത്വം കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ദൗത്യം വിജയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു വി.ഡി. സതീശന് നല്‍കിയിരുന്ന ഓഫര്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ എത്ര പണം മുടക്കാനും അവര്‍ തയ്യാറായിരുന്നു’, അന്‍വര്‍ പറഞ്ഞു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ-റെയില്‍ കേരളത്തെ രണ്ടായി വെട്ടിമുറിക്കാനുള്ള പദ്ധതിയാണെന്ന് കുപ്രചരണം നടത്തി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയത് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലാണെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നാടിന്റെ എല്ലാ വികസന പദ്ധതികള്‍ക്കും പാരവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അന്‍വര്‍ പറഞ്ഞു.

‘2021 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇലക്ഷന്‍ ഫണ്ട് എന്ന നിലയ്ക്ക് 150 കോടി രൂപയാണ് വി.ഡി. സതീശന്റെ കൈയിലെത്തിയത്. ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്‌നര്‍ ലോറികളിലൂടെ മൂന്ന് ഘട്ടങ്ങളിലായി 50 കോടി വീതമാണ് പണം തൃശ്ശൂര്‍ ചാവക്കാടിനടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെ നിന്ന് ആംബുലന്‍സുകളിലാണ് പണം വി.ഡി. സതീശന്റെ കൂട്ടാളികളുടെ കൈകളിലെത്തിച്ചത്’, അന്‍വര്‍ ആരോപിച്ചു.

ഈ പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ക്ക് നല്‍കുകയോ കേരളത്തില്‍ ചെലവഴിക്കുകയോ അല്ല, പകരം കര്‍ണാടകയിലാണ് പ്രതിപക്ഷ നേതാവ് നിക്ഷേപിച്ചതെന്നും ഇതിന്റെ ഭാഗമായാണ് ഒരു മാസത്തില്‍ മൂന്നുതവണയെങ്കിലും വി.ഡി. സതീശന്‍ ബാംഗ്ലൂരിലേക്ക് പോകുന്നതെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

കെപിസിസിയുടെ ഔദാര്യം ഇല്ലാതെതന്നെ തിരഞ്ഞെടുപ്പ് താന്‍ നടത്തും എന്ന് വി.ഡി. സതീശന്‍ പറഞ്ഞത് ഈ പണം കൈയിലുള്ള ധൈര്യത്തിലാണെന്നും അന്‍വര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടടക്കം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് സതീശന്‍ ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു.

.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!