സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് മലയാളി നഴ്സുമാർക്ക് വാഹനപകടത്തിൽ പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം
സൗദിയിൽ മലയാളി നഴ്സുമാർക്ക് വാഹനപകടത്തിൽ പരിക്കേറ്റു. ജിദ്ദയിലെ ഫൈസലിയയിൽ പ്രവർത്തിക്കുന്ന ഡോക്ടര്‍ ഇര്‍ഫാന്‍ ബഗീദോ ജനറല്‍ ആശുപത്രിയിലെ മൂന്ന് മലയാളി സ്റ്റാഫ് നഴ്സുമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കണ്ണൂർ സ്വദേശിനി സിനി, മെറിൻ, ആശ എന്നീ നഴ്സുമാർക്കാണ് അപകടം പറ്റിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന സിനിയെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ഇത് വരെ ബോധം തിരിച്ച് കിട്ടിയിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ ശേഷം ഇർഫാൻ ആശുപത്രിക്ക് സമീപം എതിർവശത്തുള്ള റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു മൂവരും. ഇതിനായി സിത്തീൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ അത് വഴി വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സാധാരണയായി വാഹനങ്ങൾ വേഗതയിൽ സഞ്ചരിക്കാറുള്ള ഈ ഭാഗത്ത് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് നിരോധനമുണ്ട്.
അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതായും, പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തിയതായും ആശുപത്രിയിൽ നിന്നുള്ള മറ്റു ജീവനക്കാർ പറഞ്ഞു. മൂന്ന് പേരും അവർ ജോലി ചെയ്യുന്ന ഡോ.ഇർഫാൻ ഹോസ്പിറ്റലിൽ തന്നെയാണ് ചികിത്സയിലുള്ളത്. മറ്റു രണ്ട് പേരുടെ പരിക്കുകൾ ഗുരതരമല്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക