മലയാളിയെ പാക്ക് പൗരൻമാർ കൊന്ന് മരുഭൂമിയിൽ കുഴിച്ച് മൂടിയത് സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ; പിന്നീട് തിരയാനും പ്രതികൾ തന്നെ മുൻ നിരയിൽ

ദുബായിൽവച്ച് തിരുവനന്തപുരം മുക്കോല ബിവിനത്തിൽ അനിൽ കെ.വിൻസെന്റിനെ പാക്കിസ്ഥാന്‍ സ്വദേശികൾ കൊലപ്പെടുത്തിയത് ഇവർ നടത്തിയ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നെന്ന് സൂചന. 36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എൽഎൽസിയിലെ പിആർഒ ആയിരുന്നു 58 വയസ്സുകാരനായ അനിൽ. ദുബായ് ടെക്സ്റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസിൽ വെച്ചായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്.

അനിലിന്റെ മൂത്ത സഹോദരന്‍ അശോക് കുമാര്‍ വിന്‍സന്‍റ് ഇതേ കമ്പനിയില്‍ ഫിനാന്‍സ് മാനേജറാണ്. ഇദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവർത്തകനായ പാക്കിസ്ഥാന്‍ പൗരന്‍റെയും ഇയാള്‍ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാന്‍കാരന്‍റെയും കൂടെ അനില്‍ ദുബായ് ടെക്സ്റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയത്. പിന്നീട് ആരും അനിലിനെ ജീവനോടെ കണ്ടിട്ടില്ല.

കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. അനിലിനായുള്ള തിരച്ചില്‍ നടത്താൻ കൊലയാളിയും ഉണ്ടായിരുന്നതായി സഹോദരന്‍ അശോക് കുമാര്‍ പറഞ്ഞു.

പ്രതികള്‍ അനിലിനെ കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് വിവരം. കൊലയാളികളായ രണ്ടു പാക്കിസ്ഥാന്‍കാരെയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സഹായിച്ച പാക്കിസ്ഥാന്‍ സ്വദേശി തന്നെയായ ടാക്സി ഡ്രൈവര്‍ ദുബായ് വിട്ടതായാണ് വിവരം. അനിലിന്റെ മൃതദേഹം മുട്ടട ഹോളിക്രോസ് പള്ളിയിൽ സംസ്കരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!