പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ അപ്രതീക്ഷിത സംഭവം! ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി യുവാവ്
പറക്കുന്നതിന് തൊട്ട് മുമ്പ് വിമാനത്തിന്‍റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍. കാനഡയിലെ ടൊറന്‍റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ദുബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയത്.
തിങ്കളാഴ്ചയാണ് സംഭവം. എയര്‍ കാനഡയുടെ AC056 ബോയിങ് 777 വിമാനത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്. 20 അടിയോളം ഉയരത്തില്‍ നിന്ന് ചാടിയ യാത്രക്കാരന് പരിക്കുകളുണ്ട്. പിന്നാലെ പൊലീസ്, എമര്‍ജന്‍സി സര്‍വീസസ് ഏജന്‍സികളെ അധികൃതര്‍ വിളിച്ചുവരുത്തി. 319 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരന്‍ ചാടിയതോടെ വിമാനം ആറ് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
മറ്റ് യാത്രക്കാരോടൊപ്പം വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കുന്നതിന് പകരം കുറച്ച് സമയം കഴിഞ്ഞ് വിമാനത്തിന്റെ ഡോര്‍ ബലമായി തുറന്ന് താഴേക്ക് ചാടുകയായിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയതെന്ന് എയര്‍ കാനഡ പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വിമാന കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്കാരന്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക