‘ഞാൻ കൊലക്കേസ് പ്രതിയല്ല, ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ല, സി.ഐ ഏരിയ സെക്രട്ടറിയേപ്പോലെ പെരുമാറുന്നു’ – രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: താൻ കൊലക്കേസിലെ പ്രതിയല്ലെന്നും പൊലീസ് ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ രാഹുലിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റുന്നതിനു മുന്നോടിയായി വൈദ്യപരിശോധന പൂർത്തിയാക്കി പുറത്തെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുലിന് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടിയത് സംഘർഷത്തിനിടയാക്കി. വളരെ പണിപ്പെട്ടാണു പൊലീസ് ജീപ്പിലേക്കു രാഹുലിനെ കയറ്റിയത്.
‘‘മാധ്യമങ്ങളുമായി സംസാരിച്ചിട്ടേ പോകൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും സെക്യൂരിറ്റി ഗാർഡ് ആയി പൊലീസ് മാറി. ഏരിയ സെക്രട്ടറിയേപ്പോലെ സിഐ പെരുമാറുകയാണ്. രാവിലെ മുതൽ പ്രശ്നമാണ്. എല്ലാ നടപടികളോടും സഹകരിച്ചയാളാണു ഞാൻ. എന്റെ ഷർട്ടിൽ പിടിച്ചതു മറന്നിട്ടില്ല. എനിക്കു സംസാരിക്കണം, ഞാൻ കൊലക്കേസിലെ പ്രതിയല്ല. ശശി പറഞ്ഞിട്ടാണോ നടപടി’’– രാഹുൽ ചോദിച്ചു.
സമരം ചെയ്യാൻ ഒരു ആരോഗ്യപ്രശ്നവുമില്ലെന്നു റിമാൻഡ് ചെയ്യുന്നതിനു മുൻപായി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോൾ രാഹുൽ പറഞ്ഞിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണു തീരുമാനം. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നു പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണു രാഹുലിനെ റിമാൻഡ് ചെയ്തത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക