4 വയസ്സുള്ള മകനെ കൊന്ന് ബാഗിൽ കുത്തി നിറച്ചു; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ യുവതി അറസ്റ്റിൽ

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍. സുചേന സേത് എന്ന 39-കാരിയാണ് മകനെ കൊന്ന കുറ്റത്തിന് അറസ്റ്റിലായത്. ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് മകനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ച യുവതി വഴിമധ്യേ പോലീസിന്റെ പിടിയിലാകുകയായിരുന്നു.

ഗോവയിൽ യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയമാണ് യുവതിയെ കുടുക്കിയത്. ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെത്തിയ സുചേന സേത് തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്‌സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനായില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!