പുതിയ കൊവിഡ്-19 വകഭേദം സൗദിയിലും കണ്ടെത്തി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം

കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ (JN.1) സൗദി അറേബ്യയിലും കണ്ടെത്തി. പുതിയ വകഭേദം സംബന്ധിച്ച് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അറിയിച്ചു.

ജെഎന്‍വണ്‍ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായി വിഖായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. മ്യൂട്ടേഷന്‍ വന്ന പുതിയ വേരിയന്റിന്റെ വ്യാപനം ഏകദേശം 36% ആണ്. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ല. നിരവധി രാജ്യങ്ങളില്‍ പുതിയ വേരിയന്റ് ഉയര്‍ന്ന രീതിയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.

സൗദിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. ജെഎന്‍വണ്‍ വേരിയന്റിനെ കൊവിഡ് 19 ന്റെ ബ്രാഞ്ചിങ് വേരിയന്റുകളില്‍ ഒന്നായി കണക്കാക്കുന്നുവെന്നും വികസിപ്പിച്ച കൊവിഡ്19 വാക്‌സിന്‍ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പിന് ഫലപ്രാപ്തിയുള്ളതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും വിഖായ സ്ഥിരീകരിച്ചു.

കൊവിഡ് സംബന്ധിച്ച് വിശ്വസനീയമായ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ വിഖായ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

എന്താണ് JN.1 കൊവിഡ് വേരിയന്റ്?
ബിഎ.2.86 വേരിയന്റിന്റെ പിന്‍ഗാമിയാണ് JN.1 വേരിയന്റ്. സ്‌പൈക്ക് പ്രോട്ടീനില്‍ 30-ലധികം മ്യൂട്ടേഷനുകള്‍ വഹിക്കുന്നു. ഡിസംബര്‍ 19 ചൊവ്വാഴ്ചയാണ് ലോകാരോഗ്യ സംഘടന കൊവിഡ്19 ന്റെ ഉപ-വകഭേദമായി ജെഎന്‍വണ്ണിനെ തരംതിരിച്ചത്.

ഇന്ത്യ, ചൈന, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ നിലവിലുള്ള മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് ഉയര്‍ന്ന പകര്‍ച്ചവ്യാധിയായി കണക്കാക്കുന്നു. ജെഎന്‍.1ല്‍ നിന്നും മറ്റ് കോവിഡ് വേരിയന്റുകളില്‍ നിന്നുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ നിലവിലെ വാക്‌സിനുകള്‍ പര്യാപ്്തമാണെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

JN.1 ന്റെ സാധാരണ ലക്ഷണങ്ങള്‍

  • പനി
  • മൂക്കൊലിപ്പ്
  • തൊണ്ടവേദന
  • തലവേദന
  • വയറുവേദനയും വയറിളക്കവും

മാസ്‌ക് ഉപയോഗിക്കാനും അണുബാധയും അപകടകരമായ രോഗങ്ങളും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

  • തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക
  • ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മറയ്ക്കുക
  • കൈകള്‍ പതിവായി വൃത്തിയാക്കുക
  • കൊവിഡ്, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷനുകളെ കുറിച്ച് അറിഞ്ഞിരിക്കുക. പ്രത്യേകിച്ച് അപകടസാധ്യതയുള്ളവര്‍.
  • അസുഖം തോന്നുന്നുവെങ്കില്‍ വീട്ടില്‍ തന്നെ തുടരുക
  • കൂടുതല്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാവുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!