ദേശീയദിനത്തിലെ പൊതുമാപ്പ്; വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് ഇന്ത്യക്കാരുടെ ഭാര്യമാര്‍ പ്രതീക്ഷയോടെ ഖത്തറിലെത്തി
ദോഹ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറില്‍ ജോലിചെയ്യവെ കേസില്‍ പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ ഭാര്യമാര്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദോഹയിലെത്തി. ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി തടവുകാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
മാപ്പ് ലഭിച്ചവരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയദിനത്തിന് നാല് ദിവസം മുമ്പാണ് പൊതുമാപ്പ് പ്രഖ്യാപനം വന്നത്.
വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ കുറച്ചുകാലമായി ശുഭാപ്തിവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും ഡിസംബര്‍ 10ന് അവര്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയോടെ ഈ പ്രതീക്ഷ വര്‍ധിച്ചുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സമീപകാലത്തായി കാര്യങ്ങള്‍ കുറേയേറെ മെച്ചപ്പെട്ടു. നാലാമത്തെ കോണ്‍സുലാര്‍ സന്ദര്‍ശനം അനുവദിക്കപ്പെട്ടു. തടവുകാര്‍ക്ക് ജിംനേഷ്യം, ടെന്നീസ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സും ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഒരുപക്ഷേ ഇപ്പോള്‍ ദോഹയിലുള്ള അവരുടെ ഭാര്യമാരോടൊപ്പം വീട്ടിലേക്ക് മടങ്ങാനായേക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസില്‍ അടുത്ത വാദംകേള്‍ക്കല്‍ ഡിസംബര്‍ 28 ലേക്ക് നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഖത്തര്‍ അമീറിനും മറ്റ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും എസ് ജയശങ്കര്‍ ദേശീയദിന ആശംസകള്‍ നേര്‍ന്നിരുന്നു.
ഈ മാസം രണ്ടിന് ദുബായില്‍ കോപ്28 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങളും ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമവും ചര്‍ച്ചാവിഷയമായെന്ന് മോദി അറിയിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രസ്താവനയോടെ വിമുക്തഭടന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകാമെന്ന ശുഭാപ്തിവിശ്വാസം വര്‍ധിച്ചു.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍ എന്നിവരാണ് 2022 ഓഗസ്റ്റ് 30 മുതല്‍ ജയിലില്‍ കഴിയുന്ന എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് വധശിക്ഷ വിധിച്ചത്.
ദോഹയില്‍ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യവെയാണ് അറസ്റ്റിലായത്. സൈനിക പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്ഥാപനമാണിത്. വധശിക്ഷ വിധിച്ചതിന്റെ കാരണം ഇരുരാജ്യങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നതാണ് ഇവർക്കെതിരെയുള്ള കേസ് എന്നാണ് വിവരം. വിമുക്തഭടന്മാരുടെ മോചനത്തിനായി നിയമപരവും നയതന്ത്രപരവുമായ എല്ലാ വഴികളും തേടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക