‘വീട് പണിയാൻ പോവുകയാണ്, പിന്നീട് പൊളിക്കാനാകില്ല; അവിടെയാണോ ഷൈനിയെ കുഴിച്ചിട്ടത്?’, 2005ൽ യുവതിയെ കാണാതായ കേസിൽ വഴിത്തിരിവ്
തലപ്പുഴ: 18 വർഷം മുൻപ് കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരി ബീന. താൻ വിദേശത്തുനിന്ന് തിരിച്ചുവന്ന് വീടു പണിയാൻ തീരുമാനിച്ചപ്പോൾ സഹോദരിയെ വീടു പണിയുന്നിടത്താണോ കുഴിച്ചിട്ടതെന്ന് അമ്മയോട് ചോദിച്ചെന്നും എന്നാൽ മൃതദേഹം അവിടെനിന്ന് മാറ്റിയെന്നാണ് അമ്മ മറുപടി നൽകിയതെന്നും ബീന പറഞ്ഞു. (ചിത്രത്തിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതി ലഭിച്ചതിനെ തുടർന്ന് വീടിന്റെ മുറ്റം കുഴിച്ച് പരിശോധന നടത്തുന്നു)
സ്വത്തു തർക്കത്തെത്തുടർന്നു ഷൈനിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നു ബീന ആരോപിക്കുന്നു. ഏറെനാൾ വിദേശത്തായിരുന്ന താൻ തിരികെ നാട്ടിലെത്തി അമ്മയുമായി അടുപ്പം സ്ഥാപിച്ചതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നതെന്നും ബീന പറയുന്നു.
‘2002ല്‍ ഞാന്‍ കുവൈത്തിലേക്ക് പോയി. 2007ല്‍ തിരിച്ചുവന്ന് അമ്മയോട് ഷൈനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ദൈവത്തിന് അറിയാമെന്നായിരുന്നു അമ്മയുടെ മറുപടി. അന്ന് സംശയമേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും വിദേശത്ത് പോയി 2012ല്‍ തിരിച്ചുവന്നു. അമ്മയ്ക്ക് മൊബൈല്‍ വാങ്ങിക്കൊടുത്തു. ഒരു വര്‍ഷത്തോളം അമ്മയ്ക്ക് ആവശ്യമുള്ള പണമെല്ലാം കൊടുത്ത് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അമ്മയുമായി അടുപ്പം സ്ഥാപിച്ചു. അതിനിടെ വീടുപണി തുടങ്ങാന്‍ തീരുമാനിച്ചു.
അതിനിടെ എന്റെ മറ്റൊരു സഹോദരൻ എന്നോടു പറഞ്ഞിരുന്നു, അത് അവിടെ തന്നെ ഉണ്ടെടീ, അതിനെ അവിടെ തീർത്തതാണെന്ന്. അത് മനസ്സിൽവച്ച് ഞാൻ അമ്മയോടെ ചോദിച്ചു ‘ വീട് പണിയാന്‍ പോവുകയാണ്, 35 ലക്ഷത്തിന്റെ വീടു പണിതിട്ട് പിന്നെ പൊളിക്കാൻ പറ്റില്ല. അവിടെയെങ്ങാനും ആണോ ഷൈനിയെ അടക്കിയിരിക്കുന്നതെന്ന്’. പക്ഷേ അമ്മ എന്നോട് പറഞ്ഞു ശവം അവിടെനിന്ന് ഫോറസ്റ്റിലേക്ക് മാറ്റിയെന്ന്. പക്ഷേ ഞാൻ അതൊന്നും വിശ്വസിക്കുന്നില്ല.’’– ഷൈനി പറഞ്ഞു.
ഷൈനിയെ കൊന്ന ശേഷം വീടിനോടുചേർന്ന തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടെന്നാണു പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പരിശോധന നടത്തി. മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിലല്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം ബീനയുമായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് പരാതിക്ക് കാരണമെന്നാണ് ആരോപണ വിധേയന്റെ വാദം.
രണ്ടര മണിക്കൂറോളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്കു 12വരെ നീണ്ടു. പൊലീസ് ഫൊറൻസിക് സർജൻ ഡോ. എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.
2005ൽ കാണാതായ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. സ്വത്തു തർക്കത്തെത്തുടർന്നു ഷൈനിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നു ബീന ആരോപിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക