സ്‌പോണ്‍സര്‍ ഇല്ലാതെ നാല് മാസംവരെ കാലാവധിയുള്ള സന്ദർശന വിസ അനുവദിക്കുന്നു; പുതിയ നീക്കവുമായി യുഎഇ
യുഎഇയില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ നാലു മാസത്തെ സന്ദര്‍ശന വിസ അനുവദിക്കുന്നു. യുഎഇയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്കാണ് 120 ദിവസം വരെ വിസിറ്റ് വിസ നല്‍കുന്നത്.
രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനും ബിസിനസുകാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണിത്. ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെയും സംരംഭകരെയും പ്രോല്‍സാഹിപ്പിക്കുന്നതിന് യുഎഇയുടെ സ്‌പോണ്‍സറില്ലാ ഡിജിറ്റല്‍ വിസ സഹായിക്കും.
സാമ്പത്തിക ഭദ്രതയും പ്രഫഷനല്‍ ബിരുദവും ഉള്ളവര്‍ക്കാണ് ഈ വിസയിലേക്ക് അപേക്ഷിക്കാനാവുക. അപേക്ഷകന്റെ ഇഷ്ടാനുസരണം 60, 90, 120 ദിവസ കാലാവധിയുള്ള വിസ തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ സന്ദര്‍ശനത്തിനുള്ള സിംഗിള്‍-എന്‍ട്രി വിസയാണ് ലഭിക്കുക.
കാലദൈര്‍ഘ്യത്തിനനുസരിച്ച് വിസ ഫീസില്‍ മാറ്റമുണ്ടാവും. 120 ദിവസത്തെ വിസയ്ക്ക് 400 ദിര്‍ഹമാണ് ഫീസ്. 60 ദിവസത്തേക്ക് 200 ദിര്‍ഹമും 90 ദിവസത്തേക്ക് 300 ദിര്‍ഹമുമാണ് നല്‍കേണ്ടത്. ഏത് തരത്തിലുള്ള വിസയാണെങ്കിലും 1000 ദിര്‍ഹം സെക്യൂരിറ്റി ഡെപോസിറ്റ് നല്‍കണം.
വിദേശരാജ്യങ്ങളില്‍ നിന്നു കൊണ്ടു തന്നെ ഓണ്‍ലൈനായി വിസ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അപേക്ഷകന് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഇതിന്റെ പകര്‍പ്പും കളര്‍ ഫോട്ടോയും സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്.
ദുബായ് എമിറേറ്റ്‌സ് അനുവദിക്കുന്ന വിസ ലഭിക്കാന്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് ഫെഡറല്‍ അതോറ്റി ഫോര്‍ ഐഡന്റിന്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വെബ്‌സൈറ്റിലും അപേക്ഷ സ്വീകരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക