വിസ ഏജൻ്റിൻ്റെ ചതി: സൂപ്പർമാർക്കറ്റിലെ ജോലിക്കെത്തിയ ഇന്ത്യക്കാരന് ലഭിച്ചത് ഒട്ടകത്തെ നോക്കുന്ന ജോലി; രക്ഷപ്പെടാന്‍ മരുഭൂമിയിലൂടെ അലയുന്നതിനിടെ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു, മൃതദേഹം ഉറുമ്പ് തിന്ന നിലയില്‍
റിയാദ്: വിസ ഏജന്റിന്റെ ചതിയില്‍പെട്ട് ‘ഒട്ടകജീവിതം’ നയിക്കേണ്ടിവന്ന ഇന്ത്യക്കാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരുഭൂമിയില്‍ മരിച്ചുവീണു. സൗദി അറേബ്യയിലെ വാദി ദവാസിര്‍ അതിര്‍ത്തിയില്‍ മരുഭൂമിയില്‍ ഉറുമ്പ് തിന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്. സ്‌പോണ്‍സര്‍ നല്‍കുന്ന വിവരമനുസരിച്ച് രണ്ടാഴ്ചയോളം മരുഭൂമിയില്‍ അലഞ്ഞ ശേഷം വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.
മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിലെ പാസ്‌പോര്‍ട്ട് കോപ്പിയില്‍ നിന്ന് മരിച്ചത് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശി ജുനൈദ് ആലം (22) ആണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. റിയാദ് ഇന്ത്യന്‍ എംബസിയുടെ ചെലവില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് മുംബൈയില്‍ നിന്നുള്ള ഏജന്റ് പണം കൈപ്പറ്റി 22കാരനെ ചതിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒട്ടകത്തെ നോക്കുന്നതിന് തൊഴിലാളിയെ ആവശ്യമുണ്ടെന്ന അഭ്യര്‍ഥനയുമായി സ്പോണ്‍സര്‍ അയച്ച വിസയായിരുന്നു ഇത്. റിയാദിലേക്ക് ഏജന്റ് കയറ്റിവിട്ട ജുനൈദ് ആലത്തെ വിമാനത്താവളത്തിലെത്തി സ്‌പോണ്‍സര്‍ കൂട്ടിക്കൊണ്ടുപോയി.
റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അപ്പുറത്തുള്ള മരുഭൂമിയിലെ തന്റെ കൃഷിയിടത്തിലേക്കാണ് സ്‌പോണ്‍സര്‍ ജുനൈദിനെ എത്തിച്ചത്. ഒട്ടകങ്ങളെ മേക്കലായിരുന്നു ജോലി. ഭാഷയറിയാത്ത ജുനൈദ് ഈ ജോലി തനിക്ക് അറിയില്ലെന്ന് ആംഗ്യം കാണിച്ചും മറ്റും പറഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് മാസത്തോളം ഇവിടെ ജോലി ചെയ്തു. ഒടുവില്‍ ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെട്ട് ബാഗുമായി മരുഭൂമിയിലൂടെ നടന്നുപോയതയാണ് അറിവ്.
വാദി ദവാസിര്‍ അതിര്‍ത്തിയിലെ മരുഭൂമിയിലൂടെ സഞ്ചരിക്കവെ സൗദി പൗരന്മാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ഉറുമ്പ് തിന്ന് ഉണങ്ങിയ മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. മരുഭൂമിയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.
പോലീസ് മൃതദേഹം വാദി ദവാസിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. മരിച്ചത് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതു പ്രകാരം എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ ഇവിടെയുള്ള കെഎംസിസി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ബാഗില്‍ നിന്ന് ലഭിച്ച പാസ്പോര്‍ട്ട് കോപ്പി വഴി സ്‌പോണ്‍സറുടെ വിവരം കെഎംസിസി പ്രവര്‍ത്തകര്‍ ശേഖരിച്ചു. ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായതെന്നും അതുകാരണം ഹുറൂബാക്കി (തൊഴിലാളി ഒളിച്ചോടിയെന്ന് സൗദി മന്ത്രാലയത്തിന് രേഖാമൂലം റിപ്പോര്‍ട്ട് ചെയ്യല്‍) എന്നുമാണ് സ്പോണ്‍സര്‍ നല്‍കിയ വിശദീകരണം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, സലീം, സത്താര്‍ (നുവൈമ കെഎംസിസി), കെപി സിദ്ദീഖ് (വാദി ദവാസിര്‍ കെഎംസിസി) എന്നിവരാണ് രംഗത്തുള്ളത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് ഇന്ത്യന്‍ എംബസി സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക