ഉഗ്രശബ്ദം, പിന്നാലെ കൂട്ടക്കരച്ചിൽ…; ഏകമകളുടെ നിക്കാഹ് നടക്കാനിരിക്കെ ദുരന്തം

മഞ്ചേരി ∙ ചെട്ടിയങ്ങാടിയിലെ കൊടുംവളവിനു സമീപത്തു നിന്ന് നാട്ടുകാർ ആദ്യം കേട്ടത് ഉഗ്രശബ്ദം. സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയവർ അതുകേട്ട് ഓടിച്ചെന്നപ്പോൾ കണ്ടത് പാടേ തകർന്നു കിടക്കുന്ന ഓട്ടോയും ബസും. അപ്പോഴും കൂട്ടക്കരച്ചിൽ ഉയരുന്നുണ്ടായിരുന്നു.

അമ്പരപ്പ് മാറി രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞവർ ആദ്യം ശ്രമിച്ചത് ഓട്ടോയ്ക്കകത്ത് കുമ്പിട്ട് കിടക്കുകയായിരുന്ന ഡ്രൈവറെ മാറ്റാൻ. ഒരു വിധത്തിൽ അദ്ദേഹത്തെ പുറത്തേക്കെടുത്ത് വാഹനത്തിൽ കയറ്റി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുതിച്ചു.പിന്നീട് ഓട്ടോയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റിയും മറ്റുമാണ് ഓരോരുത്തരെയായി പുറത്തെടുത്തത്. പരുക്കേറ്റിരിക്കാമെന്നു മാത്രമാണ് രക്ഷാപ്രവർത്തകരുടെ മനസ്സിലുണ്ടായിരുന്നത്. 2 പേരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയിരുന്നത്.

അൽപസമയത്തിനകം ആദ്യം 3 പേർ മരിച്ചെന്ന് വിവരം കിട്ടി. പിന്നാലെ നാലാമതൊരാൾ കൂടി. ഒരു മണിക്കൂറിനകം അഞ്ചാമത്തെ മരണവും സ്ഥിരീകരിച്ചതോടെ നാട് ആശുപത്രിയിലേക്ക് ഒഴുകിയെത്തി.പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കരച്ചിലിൽ മുങ്ങി. മരിച്ചവരെ ഓരോരുത്തരെയായി തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും വേദനയുടെ ആഴമേറി. ഇവിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

 

ഏകമകളുടെ നിക്കാഹ് ഇന്നു നടക്കാനിരിക്കെ മജീദിന്റെ വേർപാട്
ചെട്ടിയങ്ങാടിയിലുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ അവസാന യാത്രയായത് മക്കളിലെ ഏക പെൺതരിയുടെ നിക്കാഹ് ഇന്ന് രാവിലെ 9ന് നടക്കാനിരിക്കേ. 5 മക്കളിൽ ഏറ്റവും ഇളയവൾ കൂടിയായ റിൻഷയുടെ നിക്കാഹ് ഇന്ന് ഇരുമ്പുഴി സ്വദേശിയുമായി നടക്കാനിരിക്കുകയായിരുന്നു. ആ സന്തോഷം പങ്കിടേണ്ട വീട്ടിലേക്കാണ് ഇന്നലെ ദുഃഖവാർത്തയെത്തിയതെന്നത് നാട്ടുകാർക്കും നൊമ്പരമായി.

ഇന്ന് ഇരുമ്പുഴിയിലെ പള്ളിയിൽ വച്ചായിരുന്നു നിക്കാഹ് തീരുമാനിച്ചിരുന്നത്. വിവാഹം ഏപ്രിലിൽ നടത്താനായിരുന്നു ധാരണ. ഏറെക്കാലം മഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരുന്ന അബ്ദുൽ മജീദ് പിന്നീട് സൗദിയിലേക്കു പോയിരുന്നു. 6 വർഷത്തോളം അവിടെ കഴിഞ്ഞ ശേഷമാണ് വീണ്ടും നാട്ടിലെത്തി ഓട്ടോ ഓടിച്ചു തുടങ്ങിയത്. മഞ്ചേരി എംഎൽഎ യു.എ.ലത്തീഫിന്റെ സഹോദരിയുടെ മകൻ കൂടിയാണ് മജീദ്. ഹഫ്സത്താണ് മജീദിന്റെ ഭാര്യ. മറ്റു മക്കൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഷുഹൈബ്. മരുമകൾ: ഹർഷിദ

 

മിഠായി മധുരവുമായി തുടങ്ങിയ യാത്രയ്ക്കൊടുവിൽ കണ്ണീരുപ്പ്
ഗൾഫിൽ‍ നിന്നെത്തിയതിന്റെ സന്തോഷം പങ്കിടാൻ ബദാം പരിപ്പും മിഠായിയുമൊക്കെയായി ആരംഭിച്ച യാത്ര അന്ത്യയാത്രയായി. 2 മാസം മുൻപ് സന്ദർശക വീസയിൽ സൗദിയിലെത്തിയ തസ്നീമ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ഇന്നലെ കിഴക്കേത്തലയിലെ തറവാട്ടുവീട്ടിൽ ഒത്തുചേർന്നത്. ഇവിടെനിന്നാണ് എല്ലാവരും ചേർന്ന് ഹാഫ് കിടങ്ങഴിയിലുള്ള വല്യുമ്മ ഉമ്മത്തൂർ ഫാത്തിമയുടെ വീട്ടിലേക്ക് പോയത്. 4 കിലോമീറ്ററെത്തിയപ്പോഴേക്കും ഓട്ടോ ഡ്രൈവറടക്കം 5 പേരുടെ ജീവൻ നടുറോഡിൽ പൊലിഞ്ഞു.

ലക്ഷ്യ സ്ഥാനത്തെത്താൻ ഒരു കിലോമീറ്റർ മാത്രമുള്ളപ്പോഴായിരുന്നു അപകട‍ം. ഓട്ടോ തിരിച്ചപ്പോഴാണ് മിനി ബസ് ഇടിച്ചത്. എന്തോ സാധനം വാങ്ങിക്കാനാകാം ഇങ്ങനെ തിരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.ഗൾഫിലേക്ക് പോകുന്നതിനു മുൻപ് ഹാഫ് കിടങ്ങഴിയിലെത്തി തസ്നീമ വല്യുമ്മ ഫാത്തിമയോട് യാത്ര പറഞ്ഞിരുന്നു. ഒക്ടോബർ 16ന് ആണ് വിദേശത്തേക്ക് പോയത്. ബുധനാഴ്ചയാണ് തിരിച്ചെത്തിയത്.

വീൽചെയറിൽ കഴിയുന്ന ഫാത്തിമയെ വീണ്ടും കാണാനായിരുന്നു ഇന്നലത്തെ യാത്ര. എന്നാൽ ഫാത്തിമയെ കാത്തിരുന്നത് പേരമക്കളുടെയും കൊച്ചുമക്കളുടെയും മരണവാർത്ത. തസ്നീമയും കുടുംബവും കൊണ്ടുപോയ മിഠായികളും മറ്റും അപകട സ്ഥലത്ത് നിന്ന് പെറുക്കിക്കൂട്ടി ബന്ധുക്കളെ ഏൽപിച്ചത് മറ്റൊരു സങ്കടക്കാഴ്ചയായി. തസ്നീമയുടെ ഭർത്താവ് വിദേശത്താണ്.

പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ 7 മുതൽ
മഞ്ചേരി ∙ ചെട്ടിയങ്ങാടി അപകടത്തിൽ മരിച്ച 5 പേരുടെയും പോസ്റ്റ്മോർട്ടം നടപടികൾക്ക് ഇന്ന് രാവിലെ 7ന് തുടക്കമാകും. 10.30ന് അകം മൃതദേഹങ്ങൾക്ക് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാകുമെന്നാണ് സൂചന. തുടർന്ന് 5 പേരുടെയും മൃതദേഹങ്ങൾ കിഴക്കേത്തല മദ്രസയിൽ പൊതുദർശത്തിനു വയ്ക്കും. പിന്നീട്  വീടുകളിലേക്ക് കൊണ്ടുപോകും.

Share
error: Content is protected !!