അടുത്ത മാസം മുതൽ വാടക കരാറുകൾ ഇജാർ പ്ലാറ്റ് ഫോമിലേക്ക് മാറൽ നിർബന്ധം; മറ്റുള്ള വാടക ഇടപാടുകൾക്ക് അംഗീകാരമില്ല – അതോറിറ്റി

സൗദിയിൽ അടുത്ത മാസം (2024 ജനുവരി) മുതൽ വാടക ഇടപാടുകൾ ഇജാർ പ്ലാറ്റ്ഫോമിലൂടെ മാത്രമേ നടത്താൻ പാടുള്ളൂവെന്ന് ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി വക്താവ് തയ്‌സീർ അൽ-മുഫറേജ് വ്യക്തമാക്കി. ഇജാർ പ്ലാറ്റ് ഫോമിന് പുറത്ത് നടത്തുന്ന വാടക ഇടപാടുകൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഇത് ബാധകമായിരിക്കും. താമസ കെട്ടിടങ്ങൾക്കും, വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കും ഇജാർ പ്ലാറ്റ്ഫോം വഴിയുള്ള കരാറുകൾ അടുത്ത മാസം മുതൽ നിർബന്ധമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാനും ഇരു കക്ഷികൾക്കുമിടയിലെ വഞ്ചനാ സാധ്യത ഇല്ലാതാക്കുകയുമാണ് ഇജാർ പ്ലാറ്റ് ഫോമിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അൽ-മുഫറേജ് പറഞ്ഞു. ഇജാർ പ്ലാറ്റ് ഫോം ആരംഭിച്ചതിന് ശേഷം ഇത് വരെ 80 ലക്ഷത്തിലധികം വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി സ്ഥിരീകരിച്ചു. ഇതിൽ 66 ലക്ഷത്തോളം വാടക കരാറുകൾ താമസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. 13 ലക്ഷത്തോളം വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് വാണിജ്യ സ്ഥാപനങ്ങളാണെന്നും അതോറിറ്റി വിശദീകരിച്ചു.

2023 ലാണ് ഏറ്റവും കൂടുതൽ വാടക കരാറുകൾ ഇജാർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്തത്. 2023 ൽ മാത്രം 28 ലക്ഷം കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിദിനം 18,000 കരാറുകളാണ് ഡോക്യുമെൻ്റ് ചെയ്യുന്നത്.

ഇജാർ പ്ലാറ്റ്ഫോമിലൂടെ റിയൽ എസ്റ്റേറ്റ് വാടക മേഖലയിലെ ഡീലർമാർക്ക് കരാർ കക്ഷികളുടെ രേഖകൾ, ഉപകരണങ്ങൾ, ഡാറ്റ എന്നിവ പരിശോധിക്കാനും സർക്കാർ ഏജൻസികളുമായി സംയോജിപ്പിക്കാനും സാധിക്കും. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി ലൈസൻസുള്ള ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവാദമുള്ളത്. മാഡ, സദ്ദാദ് തുടങ്ങിയ ഇലക്ട്രോണിക് പെയ്മെൻ്റ് ചാനലുകൾ വഴി വാടക ഇടപാടുകൾ  നടത്താം.

ഇജാർ പ്ലാറ്റ്ഫോമിലൂടെ കക്ഷികൾ തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ഇടപാടുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ വാടക സൂചിക, രസീത്, ഡെലിവറി, സെക്യൂരിറ്റി തുക ലാഭിക്കൽ, വാടക സ്വഭാവം വിലയിരുത്തൽ, വിവിധ കാലയളവുകളിലേക്ക് ഭാഗികമായി പണമടയ്ക്കാനുള്ള അവസരങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാണ്.

2024 ജനുവരി മുതൽ ഇജാർ പ്ലാറ്റ് ഫോമിലേക്ക് മാറാത്ത വാടക കരാറുകൾക്ക് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!