ചിപ്പ് ഘടിപ്പിച്ച 500 ദിര്‍ഹമിൻ്റെ പോളിമര്‍ കറന്‍സി പുറത്തിറക്കി യുഎഇ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, പ്രത്യേകതകൾ അറിയാം

വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള 500 ദിര്‍ഹമിന്റെ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. കടലാസിനു പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. 52ാമത് യുഎഇ ദേശീയ ദിനം, ദുബായില്‍ നടക്കുന്ന കോപ് 28 ലോക കാലാവസ്ഥാ ഉച്ചകോടി എന്നിവയോടനുബന്ധിച്ചാണ് പുതിയ കറന്‍സിയുടെ വരവ്.

ഇന്ന് മുതല്‍ പുതിയ 500 ദിര്‍ഹമിന്റെ നോട്ട് പ്രാബല്യത്തില്‍ വരുമെങ്കിലും നാളെ മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. പുതിയ നോട്ടില്‍ ബഹുവര്‍ണ സുരക്ഷാ ചിപ്പ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും വലിയ ഫോയില്‍ സ്ട്രിപ്പ് ബാങ്ക് നോട്ടുകളില്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാണ് യുഎഇ. കള്ളപ്പണം ചെറുക്കുന്നതിന്, ഈ സാങ്കേതികവിദ്യകള്‍ 1000 ദിര്‍ഹം ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പില്‍ നേരത്തെ ഉപയോഗിച്ചിരുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ ഇത് ആദ്യത്തേതായിരുന്നു.
നിലവിലുള്ള അതേ നീല നിറത്തില്‍ തന്നെയാണ് പുതിയ കറന്‍സിയും. എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണ് നിറംമാറ്റം വരുത്താതിരുന്നത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രം പതിച്ച നോട്ടില്‍ രാജ്യത്തിന്റെ സുസ്ഥിര വികസനവും സംസ്‌കാരവും ടൂറിസവും അതുല്യമായ നിര്‍മിതികളും പരിസ്ഥിതി സൗഹൃദ പദ്ധതികളും എടുത്തുകാണിക്കുന്നു.
നോട്ടിന്റെ മുന്‍ഭാഗത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയന്റെ ഉദാത്ത വാസ്തുവിദ്യ വ്യക്തമാക്കുന്ന ചിത്രമാണുള്ളത്. പിറകുവശത്ത് ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ ഉയര്‍ത്തിക്കാട്ടുന്നു. എമിറേറ്റ്സ് ടവേഴ്സ്, 160ലധികം നിലകളുള്ള 828 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകളും നോട്ടില്‍ കാണാം.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയുന്നതിനും അതിന്റെ മൂല്യം നിര്‍ണയിക്കുന്നതിനും സഹായിക്കുന്നതിന് ബ്രെയിലിയിലെ ചിഹ്നങ്ങള്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ബാങ്ക് നോട്ടുകളേക്കാള്‍ വളരെയേറെ ഭംഗിയുള്ളതാണ് പുതിയ കറന്‍സി. പൂര്‍ണമായും പുനരുപയോഗിക്കാവുന്ന പോളിമര്‍ മെറ്റീരിയല്‍ പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കുന്നു.

നിലവിലുള്ള പേപ്പര്‍, പോളിമര്‍ നോട്ടുകള്‍ എന്നിവയ്‌ക്കൊപ്പം പുതിയ നോട്ടുകളും തടസ്സമില്ലാതെ സ്വീകരിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഉറപ്പാക്കും.

സുസ്ഥിരതയിലേക്കുള്ള യുഎഇയുടെ യാത്ര, വികസന സമീപനം, ആഗോള പങ്ക്, കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുടെ ട്രാക്ക് റെക്കോഡ്, സുസ്ഥിര പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധത എന്നിവ ബാങ്ക് നോട്ടിന്റെ രൂപകല്‍പ്പനയില്‍ ഉള്‍ക്കൊള്ളുന്നു.

കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ യുഎഇയുടെ നൂതനമായ സമീപനവും സജീവമായ പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് കോപ്28 ആതിഥേയത്വം. സുസ്ഥിര വികസനത്തില്‍ അധിഷ്ഠിതമായ ഭാവി ഉറപ്പാക്കാന്‍ ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തന പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ ബുദ്ധിപൂര്‍മായ നീക്കമാണ് രാജ്യം നടത്തുന്നത്. ആവശ്യമായ ഊര്‍ജത്തിന്റെ ഭൂരിഭാഗവും സൗരോര്‍ജത്തില്‍ നിന്ന് ലഭിക്കുന്ന ബുര്‍ജ് ഖലീഫയെ നോട്ടില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരണം കൊണ്ടുകൂടിയാണ്.

 

Share
error: Content is protected !!