സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് വിലക്കുന്ന വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉപയോക്താക്കളുടെ സേവനങ്ങള്‍ക്കായുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ്  മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. ഇതു സംബന്ധിച്ച് ഒരു ഉപയോക്താവ് ഉന്നയിച്ച ചോദ്യത്തിനാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഒരേ സമയം രണ്ട് ജോലികള്‍ ചെയ്യാൻ അനുവാദമുണ്ടെന്ന് മന്ത്രാലയം മറുപടി നല്‍കിയത്.

രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറില്‍ എതിര്‍പ്പ് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിര്‍ക്കുന്ന വ്യവസ്ഥകല്‍ ഉണ്ടാവരുത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ തൊഴിൽ കരാറിൽ മറ്റൊരു സ്ഥാപനത്തിൽ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്നതിന് വിലക്കുണ്ടെങ്കിൽ ഈ ആനുകൂല്യം നേടാൻ സാധിക്കില്ല.

രാജ്യത്തെ തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വിപണിയെ നിയന്ത്രിക്കാനും സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുമായുണ്ടാക്കിയ തൊഴില്‍ കരാറുകള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്ന പദ്ധതി ഈ വര്‍ഷം ആദ്യത്തില്‍ ആരംഭിച്ചിരുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

സ്വകാര്യമേഖല സ്ഥാപനങ്ങള്‍ ചുരുങ്ങിയത് 80 ശതമാനം ജീവനക്കാരുടെയെങ്കിലും തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം മൂന്നാംപാദത്തില്‍ ഖിവ പ്ലാറ്റ് ഫോമിലേക്ക് മാറ്റണമെന്നാണ് മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശം. 2023 ന്റെ ആദ്യ പാദത്തില്‍ 20 ശതമാനം ജീവനക്കാരുടെ കരാറുകളും രണ്ടാം പാദത്തില്‍ 50 ശതമാനം കരാറുകളുമാണ് ഖിവ പ്ലാറ്റ് ഫോമിലേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നത്.
തൊഴിലാളിയുടെയും ജീവനക്കാരന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണിത്. രാജ്യത്ത് സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രാജ്യത്തെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ 2020ല്‍ സൗദി അറേബ്യ വൻ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. തൊഴിലുകള്‍ മാറുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവുവരുത്തുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി എക്‌സിറ്റ്, റീ എന്‍ട്രി വിസ അനുവദിക്കുകയും ചെയ്തു. സൗദി അറേബ്യക്ക് പുറത്ത് യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇഖാമ കാലാവധി കഴിഞ്ഞാല്‍ തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുവാദമില്ലാതെ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ അനുവാദം നൽകുന്നതും പുതിയ പരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

 

 

Share
error: Content is protected !!