10 സെക്കന്‍ഡില്‍ ചെക്ക്-ഇന്‍, ബോര്‍ഡിങിന് മൂന്ന് സെക്കന്‍ഡ്; അതിവേഗം, അത്യാധുനികം ഈ വിമാനത്താവളം

യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം, ബോര്‍ഡിങിന് വെറും മൂന്ന് സെക്കന്‍ഡ് മതി.

കാത്തിരുന്ന് മുഷിയാതെ അതിവേഗം ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സജ്ജമാക്കിയ ടെര്‍മിനല്‍ എയിലൂടെ ആയാസ രഹിത യാത്രയാണ് യാത്രക്കാര്‍ക്ക് ഒരുക്കുന്നത്. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്‌കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. വെറും 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഒമ്പത് സ്ഥലങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും. നവംബര്‍ ഒന്നിനാണ് ടെര്‍മിനല്‍ എ തുറന്നു പ്രവര്‍ത്തിച്ചത്. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.

ബയോമെട്രിക് കവാടത്തിലൂടെ യാത്രക്കാര്‍ പ്രവേശിക്കുമ്പോള്‍ വ്യക്തിഗത രേഖകള്‍ സ്വമേധയാ രേഖപ്പെടുത്തുന്നതിനാല്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അല്ലെങ്കില്‍ എന്‍ട്രി സീലിനായി കാത്തുനില്‍ക്കേണ്ടതില്ല. നിലവില്‍ സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍ ഇത്തിഹാദ് യാത്രക്കാര്‍ക്ക് മാത്രമാണുള്ളത്. അബുദാബിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ വിമാന യാത്രക്കാര്‍ക്കും വൈകാതെ ഈ സൗകര്യം ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!