കൊല്ലത്തുനിന്നു തട്ടിക്കൊണ്ടുപോയ 7 വയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു; 5 ലക്ഷം ചോദിച്ച് അമ്മയുടെ ഫോണിലേക്ക് കോൾ

കൊല്ലം: ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ 7 വയസ്സുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച്  മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച ആൾ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ഇന്നു വൈകിട്ടായിരുന്നു കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു  തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയ്ക്ക് നൽകാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം തങ്ങളുടെ അടുത്ത് കാർ നിർത്തിയതെന്ന്  കാണാതായ പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

കാർ നിർത്തിയ ശേഷം തങ്ങളെ ഇരുവരെയും വലിച്ചിഴച്ച് കയറ്റാൻ ശ്രമിച്ചെന്നും താൻ കുതറിയോ​ടി രക്ഷപ്പെടുകയായിരുന്നുവെന്നും നാലാം ക്ലാസുകാരനായ സഹോദരൻ പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്നു ഇരുവരും. പിന്നിലാണ് കാർ വന്നത്. ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു.

തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരാണുണ്ടായിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!