പ്രിയ കൂട്ടുകാർക്ക് യാത്രമൊഴിയേകി സഹപാഠികൾ; കുസാറ്റ് ക്യാംപസിലെ പൊതുദർശനം അവസാനിച്ചു; മൃതദേഹം നാട്ടിലേക്ക് – വീഡിയോ
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ ക്യാംപസിലെ പൊതുദർശനം അവസാനിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20) എന്നിവരുടെ മൃതദേഹമാണ് ക്യാംപസിൽ പൊതുദർശനത്തിനു വച്ചത്.
മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടുപോകും. അതുൽ തമ്പിയുടെ സംസ്കാരം ഇന്നു നടത്തും. സാറ തോമസിന്റെ സംസ്കാരം നാളെയാണ്. അൻ റിഫ്തയുടെ സംസ്കാരം അമ്മ ഇറ്റലിയിൽനിന്നു വന്നശേഷമാണ്.
പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്. ഇന്നലെവരെ ഒപ്പം നടന്നവരുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ദുഃഖം താങ്ങാനാകാതെ അധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞു. ദുരന്തത്തിൽ മരിച്ച ഇലക്ട്രിഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോയിരുന്നു. ഇന്നു സംസ്കാരം നടത്തും.
സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പൊലീസും കേസെടുത്തിട്ടുണ്ട്.
#WATCH | Kerala | Bodies of three of the deceased kept at CUSAT for students to pay tribute.
Four students died and several others were injured in a stampede at CUSAT University in Kochi yesterday. The accident took place during a music concert that was held in the open-air… pic.twitter.com/3JcQWy5L9z
— ANI (@ANI) November 26, 2023
അപകടത്തിൽ 66 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ളവരിൽ 2 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിലുമാണ്. 46 പേരെ കളമശേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
മരിച്ച വിദ്യാർഥികളുടെ മൃതദേഹം ക്യാംപസിൽ പൊതുദർശനത്തിനു വച്ചപ്പോൾ പുറത്തു കാത്തുനിൽക്കുന്നവർ.
ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണു നാടിനെ നടുക്കിയ ദുരന്തം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി സംഘാടകസമിതി നൽകിയ കറുത്ത ടീഷർട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ധാരാളം വിദ്യാർഥികൾ ഇതേസമയം പുറത്തു തടിച്ചുകൂടി.
ഇതിനിടെ മഴപെയ്തതോടെ വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമായി. തലയടിച്ചാണു പലരും വീണത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക