റെസ വികസനം പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട, കരിപ്പൂരിൽ വലിയ വിമാനം വൈകരുതെന്ന് ഉപദേശക സമിതി

കോഴിക്കോട് വിമാനത്താവളം വലിയ വിമാന സർവീസുകൾക്കു സജ്ജമാണെന്നും ഉടൻ വലിയ വിമാന സർവീസുകൾ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിമാനത്താവള ഉപദേശക സമിതി ആവശ്യപ്പെട്ടു. 2020 ഓഗസ്റ്റ് 7ന് ഉണ്ടായ വിമാനാപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അപകടത്തിൽപെട്ടത് ചെറുവിമാനമാണെന്നും അപകട കാരണം വിമാനത്താവളത്തിന്റെ പരിമിതികളല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. റൺവേ റീ കാർപറ്റിങ് പൂർത്തിയായ വിമാനത്താവളം വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണെന്നും റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസനം പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിമാനത്താവള വികസനത്തിനു സ്ഥലം വിട്ടുനൽകിയ പ്രദേശവാസികളെ യോഗം അഭിനന്ദിച്ചു. ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപി ആധ്യക്ഷ്യം വഹിച്ചു. റെസ വികസനത്തിനു ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും റൺവേ എല്ലാംകൊണ്ടും സജ്ജമാണെന്നും എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പറഞ്ഞു.

യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ പി.അബ്ദുൽ ഹമീദ്, ടി.വി.ഇബ്രാഹിം, കലക്ടർ വി.ആർ.വിനോദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ്, കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് വിമൽ സിങ് കത്രി, കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, ഫാറൂഖ് എച്ച്.ബത്ത, പി.വി.നിധീഷ്, എം.എ.മഹബൂബ്, അബ്ദുറഹിമാൻ രണ്ടത്താണി, എ.കെ.എ.നസീർ, ടി.പി.എം.ഹാഷിർ അലി, പി.ടി.അജയ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

 

മറ്റു പ്രധാന തീരുമാനങ്ങൾ:

∙ നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനൊപ്പം കരിപ്പൂരിനോടു താൽപര്യം കാണിക്കുന്ന വിമാനക്കമ്പനികളെ സ്വാഗതം ചെയ്യും.
∙ വിമാനത്താവള വികസനത്തിനു സ്ഥലം വിട്ടുനൽകിയതിനെത്തുടർന്ന് പ്രദേശവാസികൾക്കുണ്ടാകുന്ന യാത്രാപ്രശ്നങ്ങൾ ഉടൻ പരിഹരിക്കും.
∙ മഴക്കാലത്ത് പരിസരവാസികളുടെ വീടുകളിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം കാണും.
∙ പ്രദേശവാസികൾക്കു വീടുകൾ നിർമിക്കാനുള്ള എൻഒസി നൽകുന്നതിനു നടപടിയെടുക്കും.
∙ യാത്രക്കാർക്ക് വേഗത്തിൽ ലഗേജ് വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കും.

 

ഉപദേശക സമിതിയിൽ പുതിയ 5 അംഗങ്ങൾ:

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, എം.എ.മെഹബൂബ്, പി.വി.നിധീഷ്, അൻവർ അമീൻ ചേലാട്ട് എന്നിവരെ വിമാനത്താവള ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി. പൊതുപ്രവർത്തകരുടെ പട്ടികയിലാണ് ഇവരുള്ളത്. 2 വർഷമാണ് സമിതി അംഗങ്ങളുടെ കാലാവധി. പിന്നീട് അംഗങ്ങളാകാൻ 4 വർഷം കഴിയണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!