ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: കേന്ദ്രസർക്കാരിൻ്റെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു

ഖത്തറിൽ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം  പിടികൂടിയത്. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്.

തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ് ഇവർ.

ഖത്തറിന്റെ നാവിക സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഇതിനിടെയാണ് ഇവരെ ഖത്തർ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുക്കുന്നത്. പ്രതികൾക്കെതിരെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്ന് ഖത്തർ അവകാശപ്പെടുന്നുണ്ട്.

2022 ഓഗസ്റ്റ് മുതൽ ഇവർ ജയിലിൽ കഴിയുകയാണ്. ദോഹയിൽ വച്ച് ഖത്തർ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മാർച്ച് അവസാനത്തോടെ കേസിൻ്റെ ആദ്യ വിചാരണ ആരംഭിച്ചു. കേസിലെ ഏഴാമത്തെ വാദം ഒക്ടോബർ മൂന്നിന് പൂർത്തിയായിരുന്നുവെന്നും, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഒക്‌ടോബർ ഒന്നിന് ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവരുടെ ജാമ്യാപേക്ഷ പലതവണ ഖത്തർ അധികൃതർ തള്ളുകയും തടവ് നീട്ടുകയും ചെയ്തിരുന്നു. അതിന് ശേഷം ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!