ഗസ്സയിലെ വെടിനിര്‍ത്തല്‍ നാളെ രാവിലെ 7 മുതല്‍; വൈകിട്ട് 13 ബന്ദികളെ മോചിപ്പിക്കും. ഗസ്സയിലുടനീളം ആക്രമണം തുടരുന്നു, ഡോക്ടർമാരെ അറസ്റ്റ് ചെയ്തു – വീഡിയോ

ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിർത്തലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ബന്ദികളെ കൈമാറും.ആദ്യ ബാച്ചിൽ 13 പേരെയാണ് മോചിപ്പിക്കുക. മോചിപ്പിക്കുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രായേലിന് കൈമാറി. നാല് ദിവസത്തേക്കാണ് താൽക്കാലിക വെടിനിർത്തൽ.ബന്ദികളുടെ കൈമാറ്റത്തിന്റെ പൂർണ ഉത്തരവാദിത്തം റെഡ് ക്രോസ്, റെഡ് ക്രസന്റ് സംഘടനകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഹമാസും ഇസ്രായേലും പൂർണമായും കരാർ വ്യവസ്ഥകൾ പാലിക്കണമെന്നും അതിൽ വിട്ടുവീഴ്ച വരുത്തരുതെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കും. 48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറി​ന്‍റെയും ഈജിപ്​തി​ന്‍റെയും മധ്യസ്​ഥതയിലാണ് ഇസ്രായേലും ഹമാസും നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ഒപ്പുവെച്ചത്. 150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ നിന്ന്​ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ കരാർ വ്യവസ്​ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക്​ ഇസ്രായേലും ബന്ദികളുടെ പട്ടികക്ക്​ ഹമാസും രൂപം നൽകി.

 

 

 

 

 

കൂടുതൽ ബന്ദികളെ മോചിപ്പിച്ച്​ സമഗ്ര വെടിനിർത്തലിലേക്ക്​ കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന്​ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ തുരത്തി ബന്ദികളെ പൂർണമായും തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്​തമാക്കിയിട്ടുണ്ട്.

വെടിനിർത്തൽ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കുന്ന സമയത്തും ഗസ്സയിലുടനീളം വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ. അൽ ശിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടർമാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും റഫയിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. താമസ സമുച്ചയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

 

 

 

 

 

വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രായേലി സേന ഭീഷണി മുഴക്കി.നൂറോളം രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഗസ്സ സിറ്റിയിലെ ഷാതി ക്യാമ്പിൽ ഇസ്രായേൽ റെയ്ഡും ആക്രമണവും തുടരുകയാണ്. ഹമാസ് കേന്ദ്രങ്ങൾ പിടിച്ചെടുത്തതായും ക്യാമ്പിൽ നിന്ന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തതായും ഇസ്രായേൽ സേന അവകാശപ്പെട്ടു.

 

 

 

 

അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രായേൽ സേന കൂട്ട അറസ്റ്റ് തുടരുകയാണ്. ഇന്ന് മാത്രം 90 ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. അസ്സൂനിലും അറൂബ് അഭയാർഥി ക്യാമ്പിലും റെയ്ഡും അറസ്റ്റും തുരുകയാണ്. അൽശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബൂ സൽമിയയെയും ഡോക്ടർമാരെയും ഇസ്രായേൽ അറസ്റ്റ് ചെയ്തു. നടപടിക്ക് പിന്നാലെ ഗസ്സയിൽ പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിൽ ഇനി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അറസ്റ്റിന്റെ ഉത്തരവാദിത്തം യുഎന്നിനാണെന്നും ഗസ്സ ആരോഗ്യമന്ത്രി അഷ്‌റഫ് അൽഖുദ്‌റ പറഞ്ഞു. അറസ്റ്റ് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഹമാസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!