സ്കൂൾ വിട്ടുവരുന്ന വഴി കാൽവഴുതി കൈത്തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ടു കാണാതായ ഹെലൻ്റെ മൃതദേഹം കണ്ടെത്തി

പാലാ: ഒരു നാടിന്റെ പ്രാർഥനയോടെയുള്ള കാത്തിരിപ്പ് വിഫലം. കോട്ടയം ഭരണങ്ങാനത്ത് സ്‌കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട 13കാരിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിന്റെ (13) മൃതദേഹമാണ് ഇന്നു വൈകിട്ടോടെ കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്നും 25 കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ടും ഇന്നുമായി മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നതിനിടെയാണ് പേരൂർ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപമായിരുന്നു സംഭവം. സ്കൂൾ വിട്ടുവരുന്ന വഴി രണ്ടു കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ അപ്പോൾത്തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപ്പോഴേക്കും ഹെലനെ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു. ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിനിയാണ് ഹെലൻ.

കനത്ത മഴയിൽ റോഡിലേക്കു കവിഞ്ഞൊഴുകിയ തോട്ടിലേക്കാണു കുട്ടികൾ വീണത്. ഹെലനും നിവേദ്യയും ഓട്ടോയിലാണു സ്കൂളിൽനിന്നു വന്നിറങ്ങിയത്. നടന്നുപോകുന്നതിനിടെ ചിറ്റാനപ്പാറ – അയ്യമ്പാറ റോഡിൽനിന്ന് ഇരുവരും കുന്നനാംകുഴി കൈത്തോട്ടിലേക്കു വീഴുകയായിരുന്നു. ഇതിലേ കടന്നുപോയ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിലെ വാൻ ഡ്രൈവർ മൂന്നാനി കളരിയാംമാക്കൽ ബിജു ഇരുവരെയും രക്ഷിക്കാനായി ഓടിയെത്തി. നിവേദ്യയെ രക്ഷപ്പെടുത്തിയെങ്കിലും ഹെലൻ ഒഴുക്കിൽപെടുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!