സൗദിയിൽ വാഹന പാർക്കിംഗ് ആദ്യത്തെ 20 മിനുട്ട് സൗജന്യം, 50 ൽ കുറഞ്ഞ പാർക്കിംഗ് സൗകര്യങ്ങൾക്ക് അനുമതിയില്ല
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ സന്ദർശകർക്കുള്ള പണമടച്ചുള്ള പാർക്കിംഗുകളുടെ ചട്ടങ്ങളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിർദ്ദേശം മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദ്ദേശങ്ങളുൾപ്പെടുന്ന പ്രൊജക്ട് സമർപ്പിച്ചത്. പുതിയ മാറ്റമനുസരിച്ച് വാണിജ്യ സ്ഥാപനങ്ങളിലെ പെയ്ഡ് പാർക്കിംഗുകളിൽ പ്രവേശിക്കുന്നത് മുതൽ ആദ്യ 20 മിനുട്ട് പാർക്കിംഗ് സൌജന്യമായിരിക്കും. കൂടാതെ വാണിജ്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും എത്തുന്ന ഭിന്നശേഷിക്കാരായ ആളുകൾക്ക് പൂർണമായും പാർക്കിംഗ് സൌജന്യമായിരിക്കും. പെയ്ഡ് പാർക്കിംഗുകളിൽ ക്യാഷ് അടക്കുന്നതിനും, ഇലക്‌ട്രോണിക് പെയ്‌മെന്റ് നടത്തുന്നതിനും ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്.
വാണിജ്യ സ്ഥാപനങ്ങളിലോ, സർക്കാർ കെട്ടിടങ്ങളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ പണമടച്ചുള്ള പാർക്കിംഗ് നിർമ്മിക്കുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിനും സാമ്പത്തിക വളർച്ചയ്‌ക്ക് സംഭാവന നൽകാനും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റം.
സർക്കാർ കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും പാർക്കിംഗ് ലൈസൻസിന് അപേക്ഷിക്കുവാൻ കെട്ടിടത്തിൻ്റെ പ്ലാൻ ഒരു എഞ്ചിനീയറിംഗ് ഓഫീസ് അംഗീകരിച്ചിരിക്കണമെന്നും, കെട്ടിട പെർമിറ്റിലെ പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 50-ൽ കുറവായിരിക്കരുതെന്നും പുതിയ നിയമം അനുശാസിക്കുന്നു. കൂടാതെ ഉടമസ്ഥാവകാശ രേഖ വാണിജ്യ രജിസ്ട്രേഷൻ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം, സ്പെസിഫിക്കേഷനുകളുടെയും മാനദണ്ഡങ്ങളുടെയും സർട്ടിഫിക്കറ്റ്, സിവിൽ ഡിഫൻസിൽ നിന്നുള്ള അനുമതി എന്നിവയും ഹാജരക്കേണ്ടതാണ്.
നിലവിലുള്ള പാർക്കിംഗ് ലോട്ടുകളോ കെട്ടിട പെർമിറ്റ് നൽകിയതിന്റെ ഭാഗമോ പരിവർത്തനം ചെയ്യാൻ മന്ത്രാലയം അനുവദിച്ചു, മുഴുവൻ പാർക്കിംഗ് ലോട്ടും നിർബന്ധമല്ല, കൂടാതെ പാർക്കിംഗ് ഫീസ് അടയ്ക്കാനും രജിസ്റ്റർ ചെയ്യാനും ലൈസൻസിൽ അംഗീകരിച്ച പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉപയോഗിക്കുന്നതിനൊപ്പം, കച്ചവട തെരുവുകളിൽ പുതിയ പ്രവേശന കവാടങ്ങൾ സൃഷ്ടിക്കാനും മന്ത്രാലയം അനുമതി നൽകി.
പാർക്കിംഗ് ലോട്ടിൽ നിന്നും സന്ദർശകർക്ക് എമർജൻസി എക്സിറ്റിനുള്ള സൌകര്യം ഒരുക്കൽ നിക്ഷേപകരുടെ ബാധ്യതയാണ്. കൂടാതെ പാർക്കിംങ്ങിലുടനീളം ക്യാമറ നിരീക്ഷണമൊരുക്കണമെന്നും, സുരക്ഷാ നിരീക്ഷണങ്ങൾക്കുള്ള സൌകര്യമൊരുക്കണമെന്നും പുതിയ ചട്ടങ്ങൾ അനുശാസിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക